മലപ്പുറം: പാർലമെന്റ് ഏകകണ്ഡമായി പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കി വരാണസി സിവിൽ കോടതി നടത്തിയ വിധി പ്രസ്താവം ആശാങ്കാ ജനകമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട അവകാശതർക്കം രാജ്യത്ത് അസാധാരണമായ സ്ഥിതി വിശേഷം സംജാതമാക്കിയപ്പോൾ സാമുദായി സൗഹാർദ്ദവും നിയമ വ്യവസ്ഥയും ശക്തിപ്പെടുത്താനും അടിസ്ഥാനമില്ലാത്ത അവകാശ വാദങ്ങൾക്കറുതി വരുത്താനുമാണ് 1947 ആഗസ്റ്റ് 15 കട്ട് ഓഫ് ഡേറ്റാക്കി രാജ്യത്തുള്ള മുഴുവൻ ആരാധനാലയങ്ങൾക്കും സംരക്ഷണം ഉറപ്പാക്കിയത്.
പ്രസ്തുത തിയ്യതിയിൽ ആരുടെ കൈവശമാണോ ആരാധനാലയങ്ങളുള്ളത് അവർക്ക് ഉടമസ്ഥാവകാശം നൽകുന്നതാണീ നിയമം. ഇതാണ് ഇപ്പോൾ ലംഘിച്ചിരിക്കുന്നത്. ക്ഷേത്രം തകർത്ത് അതിന്റെ അവശിഷ്ടങ്ങൾ കൊണ്ടോണോ ഗ്യാൻവാപീ മസ്ജിദ് നിർമിച്ചതെന്ന് ഉൽഖനനം നടത്തി കണ്ടെത്താനാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്.
ഇതിനെ നിയമപരമായ മാർഗത്തിൽ ചോദ്യം ചെയ്യാൻ മുഴുവൻ ജനാധിപത്യ സമൂഹവും മുന്നോട്ട് വരണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, പിഎം മുസ്തഫ കോഡൂർ, എംഎൻ കുഞ്ഞഹമ്മദ് ഹാജി, വടശ്ശേരി ഹസൻ മുസ്ലിയാർ, സികെയു മൗലവി, കെകെഎസ് തങ്ങൾ പെരിന്തൽമണ്ണ, സയ്യിദ് ബുഖാരി, യൂസുഫ് ബാഖവി മാറഞ്ചേരി, പിഎസ്കെ ദാരിമി, ഊരകം അബ്ദുറഹ്മാൻ സഖാഫി, പികെഎം സഖാഫി ഇരിങ്ങല്ലൂർ, പികെ.ബശീർ ഹാജി, അലവിക്കുട്ടി ഫൈസി, മുഹമ്മദ് ഹാജി മുന്നിയൂർ, കെപി ജമാൽ കരുളായി, എ അലിയാർ കക്കാട് എന്നിവർ കമ്മിറ്റിയിൽ സംബന്ധിച്ചു.
Most Read: വെറുക്കാനാണ് ഉദ്ദേശ്യമെങ്കിൽ ചെറുക്കാനാണ് തീരുമാനം; റാസ്പുടിന് ചുവട് വച്ച് കൂടുതൽ വിദ്യാർഥികൾ