കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതി നടപടികൾ ചോദ്യം ചെയ്‌ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിന് എതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്‌റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബഞ്ചാണ് ഹരജിയിൽ വിധി പറയുക.
മതിയായ കാരണം വേണമെന്നും പ്രോസിക്യൂഷൻ വീഴ്‌ചകൾ മറികടക്കാനാകരുത് വീണ്ടും സാക്ഷികളെ വിസ്‌തരിക്കുന്നതെന്നും വാദത്തിനിടെ സിംഗിൾ ബഞ്ച് സർക്കാരിനെ ഓർമിപ്പിച്ചിരുന്നു. മാസങ്ങൾക്ക് ശേഷം വീണ്ടും വിസ്‌താരം ആവശ്യപ്പെടുന്നതിൽ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു.
കേസിന് അനുകൂലമായി സാക്ഷിമൊഴികൾ ഉണ്ടാക്കി എടുക്കാനാണോ പ്രോസിക്യൂഷന്റെ പുതിയ നീക്കമെന്ന ചോദ്യവും ഹരജി പരിഗണിക്കവെ കോടതിയുയർത്തി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ കേസിനെ എങ്ങനെ ബാധിക്കുമെന്നും കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്‌ച പരിഗണിക്കും.
Most Read: മുല്ലപ്പെരിയാർ ഡാം നിര്‍മിച്ച എന്‍ജിനീയർക്ക് പ്രതിമ നിർമിക്കാൻ തമിഴ്നാട്