ന്യൂഡെൽഹി: അഫ്ഗാനിൽ നിന്നും കഴിഞ്ഞ ദിവസം ഡെൽഹിയിൽ എത്തിയ 16 പേർക്ക് കോവിഡ്. വിമാനത്തിൽ ഉണ്ടായിരുന്ന 78 പേരിൽ 53 പേർ അഫ്ഗാൻ പൗരൻമാരായിരുന്നു. 25 പേരാണ് ഇന്ത്യക്കാർ. ഇവരെ ഡെൽഹിയിലെ ക്വാറന്റെയ്ൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അഫ്‌ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർ നിർബന്ധമായും 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം പുറത്തുവിട്ടിരുന്നു.
അതേസമയം തന്നെ കാബൂളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഓഗസ്‌റ്റ് 31ആം തീയതിക്ക് മുൻപായി പൂർത്തിയാക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായി അഫ്‌ഗാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം മടക്കയാത്രയ്‌ക്ക് തയ്യാറാകണമെന്നും കേന്ദ്രം വ്യക്‌തമാക്കി. നിലവിൽ കാബൂളിൽ നിന്നും പ്രതിദിനം 2 വിമാനങ്ങളാണ് ഡെൽഹിയിലേക്ക് യാത്രക്കാരുമായി എത്തുന്നത്.
കൂടാതെ ഇതുവരെയുള്ള ഒഴിപ്പിക്കൽ നടപടികളുടെ സ്‌ഥിതി വിവരം നാളെ നടക്കുന്ന യോഗത്തിൽ കേന്ദ്രം പ്രതിപക്ഷ പാർട്ടികളെ അറിയിക്കും. പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരിക്കും അഫ്‌ഗാൻ നയത്തിന്റെ കരട് തയ്യാറാക്കുന്ന ചർച്ചകളിലേക്ക് കേന്ദ്രം കടക്കുക.
Read also: അഫ്‌ഗാനിൽ നിന്ന് വരുന്നവർക്ക് 14 ദിവസം നിർബന്ധിത ക്വാറന്റെയ്ൻ