ഉപഭോക്‌താക്കളെ ‘സേഫ്’ ആക്കി എയർടെൽ; പണമിടപാടിന് ഇനി അധിക സുരക്ഷ

By News Desk, Malabar News
Airtel safe pay
Representational Image

മുംബൈ: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപഭോക്‌താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സുപ്രധാന നടപടികളുമായി ഭാരതി എയർടെൽ. നെറ്റ്‌വർക്ക് ശക്‌തിപ്പെടുത്തൽ, സിം കാർഡിന്റെ ഹോം ഡെലിവറി, സൈബർ കുറ്റകൃത്യങ്ങൾ തടയൽ എന്നിങ്ങനെ മൂന്ന് ശക്‌തമായ നടപടികളുമായാണ് കമ്പനി രംഗത്തെത്തിയത്. എയർടെൽ മാനേജിങ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗോപാൽ വിത്തൽ ഉപഭോക്‌താക്കളെ അഭിസംബോധന ചെയ്യുന്ന കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്.

സ്‌പർശനരഹിതമായി ഇനി എയർടെൽ സിമ്മുകൾ വീട്ടിലെത്തിക്കും. സുരക്ഷാ കാര്യങ്ങളിൽ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും വിത്തൽ പറയുന്നു. കൂടാതെ, ഉപഭോക്‌താക്കൾക്ക് വീടിന്റെ സുരക്ഷിതത്വത്തിൽ ഇനി അനായാസം പണമിടപാടുകൾ നടത്താൻ സാധിക്കുമെന്നും വിത്തൽ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ ഇൻഡോർ കവറേജ് മെച്ചപ്പെടുത്തുന്നതിനായി 18,000 കോടിയുടെ സ്‌പെക്‌ട്രമാണ്‌ എയർടെൽ വാങ്ങിയിരിക്കുന്നത്.

സൈബർ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയ വിത്തൽ തട്ടിപ്പുകാർ പുതിയ രീതികൾ തേടിക്കൊണ്ടിരിക്കുകയാണ് എന്നും നിരീക്ഷിച്ചു. ഇതിനായാണ് ഉപഭോക്‌താക്കളുടെ പണമിടപാടുകൾ ഏറ്റവും സുരക്ഷിതമായിരിക്കുവാൻ എയർടെൽ ഇന്ത്യയിൽ ആദ്യമായി ‘സേഫ് പേയ്‌മെന്റ്’ സംവിധാനം അവതരിപ്പിച്ചതെന്നും വിത്തൽ വ്യക്‌തമാക്കി. രാജ്യത്തെ ലളിതവും ഏറ്റവും സുരക്ഷിതവുമായ ഓൺലൈൻ പണമിടപാടാണ് സേഫ് പേയ്‌മെന്റ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ ഇടപാടിലും അധിക സുരക്ഷയാണ് സേഫ് പേയ്‌മെന്റ് സംവിധാനം പ്രദാനം ചെയ്യുന്നത്. ഇടപാട് നടത്തുമ്പോൾ ഉപഭോക്‌താവിന് നെറ്റ്‌വർക്ക് ഇന്റലിജൻസ് മെസേജ് അയക്കും. ഉപഭോക്‌താവിന്റെ സമ്മതം ലഭിച്ചാൽ മാത്രമേ പണമിടപാട് നടക്കുകയുള്ളൂ. കൂടാതെ, പരമാവധി രണ്ടുലക്ഷം രൂപ വരെ ബാലൻസ് നിലനിർത്താമെന്നതിനാൽ എയർടെൽ പേയ്‌മെന്റിനെ സെക്കണ്ടറി അക്കൗണ്ടായും ഉപയോഗിക്കാം. ഈ അക്കൗണ്ടിനെ യുപിഐ ആപ്പുമായി ബന്ധിപ്പിക്കാമെന്നും വിത്തൽ കൂട്ടിച്ചേർത്തു.

കോവിഡ് മഹാമാരി സൃഷ്‌ടിക്കുന്ന പ്രതിസന്ധിയിൽ നിന്ന് എല്ലാവരും ഉടൻ പുറത്തുവരട്ടെ എന്ന് ആശംസിച്ച വിത്തൽ കമ്പനിയുടെ നടപടിയിൽ ഉപഭോക്‌താക്കളുടെ അഭിപ്രായം തേടി. രാജ്യം കടന്നു പോകുന്ന നിർഭാഗ്യകരമായ ഈ അവസ്‌ഥയിൽ ഇതിനേക്കാൾ നന്നായി കമ്പനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന അഭിപ്രായമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും വിത്തൽ പറഞ്ഞു.

Also Read: കോവിഡ് പ്രതിരോധത്തിൽ രാഷ്‌ട്രീയം കലർത്തരുത്; സുപ്രീം കോടതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE