ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് എല്ലാ ഷട്ടറുകളും അടച്ചു. 141.90 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഷട്ടറുകൾ അടച്ചതോടൊപ്പം തന്നെ തമിഴ്‌നാട് നിലവിൽ കൊണ്ടുപോകുന്ന ജലത്തിന്റെ അളവും കുറച്ചിട്ടുണ്ട്. സെക്കന്റിൽ 900 ഘനയടി ആയാണ് കുറച്ചത്.
അണക്കെട്ടിലെ ജലനിരപ്പ് 142 അടി പിന്നിട്ടതോടെ ഇന്നലെ രാവിലെ കൃത്യമായ മുന്നറിയിപ്പുകൾ നൽകാതെ തമിഴ്‌നാട് ഷട്ടറുകൾ തുറക്കുകയായിരുന്നു. തുടർന്ന് പെരിയാറിലെ ജലനിരപ്പ് നാലടിയോളം ഉയരുകയും, തീരത്തുള്ള വീടുകളിൽ അടക്കം വെള്ളം കയറുകയും ചെയ്‌തു.
അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും നേരിയ തോതിൽ ഉയർന്നു. നിലവിൽ 2,400.52 അടി ജലമാണ് അണക്കെട്ടിലുള്ളത്. ഇതേ തുടർന്ന് പരമാവധി ജലം മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദനത്തിനായി കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 2,401 അടിയായാൽ ഇടുക്കിയിൽ ഓറഞ്ച് അലർട് പ്രഖ്യാപിക്കും.
Read also: രാജ്യസഭാംഗമായി സത്യപ്രതിജ്‌ഞ ചെയ്‌ത് ജോസ് കെ മാണി