‘കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധം’; ശക്‌തമായി അപലപിച്ചു ഇന്ത്യ

കാനഡയിൽ നടന്ന ഏതെങ്കിലും അക്രമങ്ങളിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധവും ഗൂഢലക്ഷ്യത്തോടെ ഉള്ളതുമാണ്. സമാനമായ ആരോപണം കാനഡ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്ക് മുന്നിലും ഉന്നയിച്ചിരുന്നു. അതെല്ലാം അപ്പോൾത്തന്നെ തള്ളിക്കളഞ്ഞതാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

By Trainee Reporter, Malabar News
S-Jaishankar

ന്യൂഡെൽഹി: ഖലിസ്‌ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചു, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ കാനഡയുടെ നടപടിയെ ശക്‌തമായി അപലപിച്ചു ഇന്ത്യ. കാനഡ പാർലമെന്റിൽ ജസ്‌റ്റിൻ ട്രൂഡോയും കാനഡ വിദേശകാര്യ മന്ത്രിയും നടത്തിയ പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ടെന്നും, അത് പൂർണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.

കാനഡയിൽ നടന്ന ഏതെങ്കിലും അക്രമങ്ങളിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധവും ഗൂഢലക്ഷ്യത്തോടെ ഉള്ളതുമാണ്. സമാനമായ ആരോപണം കാനഡ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്ക് മുന്നിലും ഉന്നയിച്ചിരുന്നു. അതെല്ലാം അപ്പോൾത്തന്നെ തള്ളിക്കളഞ്ഞതാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

‘നിയമവാഴ്‌ചയോട് പ്രതിബന്ധത പുലർത്തുന്ന ജനാധിപത്യ വ്യവസ്‌ഥയാണ് നമ്മുടേത്. കാനഡയിൽ അഭയം നൽകി ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്‌ക്കും ഭീഷണിയായി തുടരുന്ന ഖാലിസ്‌ഥാൻ ഭീകരിൽ നിന്നും തീവ്രവാദികളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഈ വിഷയത്തിൽ കാനഡ സർക്കാർ ദീർഘകാലമായി പുലർത്തുന്ന നിഷ്‌ക്രിയത്വം അടിയന്തിര ശ്രദ്ധ അർഹിക്കുന്നുണ്ട്. കാനഡയിലെ രാഷ്‌ട്രീയ നേതാക്കൾ ഇതിനോടെല്ലാം പരസ്യമായി സഹതാപം പ്രകടിപ്പിക്കുന്നതും ആശങ്കാജനകമാണ്’- ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.

‘കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡയിൽ ഇടംപിടിക്കുന്നത് പുത്തരിയല്ല. അത്തരം സംഭവവികാസങ്ങളുമായി ഇന്ത്യൻ ഭരണകൂടത്തെ ബന്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തള്ളിക്കളയുന്നു. കാനഡയുടെ മണ്ണിൽ പ്രവർത്തിക്കുന്ന എല്ലാ ഇന്ത്യാവിരുദ്ധ നീക്കങ്ങൾക്കെതിരെയും ഏറ്റവും വേഗത്തിൽ ഫലപ്രദമായ നിയമനടപടി സ്വീകരിക്കാൻ ഞങ്ങൾ കാനഡ സർക്കാരിനോട് അഭ്യർഥിക്കുന്നു’- വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ പറയുന്നു.

ഖലിസ്‌ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചു, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ തലവൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. ഹർദീപ് സിങ് നിജ്‌ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായുള്ള വിശ്വസനീയമായ വിവരമുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഇക്കഴിഞ്ഞ ജൂൺ 18നാണ് ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്‌ക്കുള്ളിൽ വെച്ച് അജ്‌ഞാതരായ രണ്ടുപേർ ഹർദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്‌തമായതായി കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. കാനഡ പൗരനായ ഹർദീപിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നുള്ളതിന് കാനഡയുടെ സുരക്ഷാ വിഭഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാക്കുകൾ.

Most Read| പര്യവേഷണം ആരംഭിച്ച് ആദിത്യ എൽ 1; ശാസ്‌ത്രീയ വിവരങ്ങൽ ശേഖരിച്ചു തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE