ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സമാധാന ശ്രമം തുടരുന്നു. ഇന്നലെ രാത്രി ഇംഫാലിൽ എത്തിയ അമിത് ഷാ, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചാണ് സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ വിലയിരുത്തിയത്. ആക്രമണം ഉണ്ടായ മേഖലകൾ അമിത് ഷാ ഇന്ന് സന്ദർശിക്കും. വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ചു സമാധാന ശ്രമങ്ങൾ നടത്തുകയാണ് ലക്ഷ്യം.
ഇംഫാലിൽ രാത്രി വൈകിയും ഗവർണറുമായി അമിത് ഷാ കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിലവിലെ സാഹചര്യമാണ് ഇരുവരും ചർച്ച ചെയ്‌തത്. വിവിധ ജനവിഭാഗങ്ങളുമായി സംസാരിച്ചു സംസ്‌ഥാനത്ത് സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾ ഇന്ന് ഉണ്ടായേക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ മണിപ്പൂരിലെത്തിയത്. ഇംഫാലിൽ അടക്കം ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം തുടരുകയാണ്. ഇതുവരെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി.
ചെനീസ് ഗ്രെനേഡും വൻ ആയുധ ശേഖരവുമായി കഴിഞ്ഞ ദിവസം 25 അക്രമികളെ പിടികൂടിയതായി സൈന്യം അറിയിച്ചിട്ടുണ്ട്. അതേസമയം, മണിപ്പൂരിലെ സംഘർഷത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്‌ട്രപതിയെ കാണും. വിഷയത്തിൽ രാഷ്‌ട്രപതിക്ക് നിവേദനം നൽകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും സംസ്‌ഥാനത്ത് കലാപം തുടരുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Most Read: സംസ്‌ഥാനത്തെ 19 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു