കേരളത്തിൽ വന്ന് അമിത് ഷാ നീതിബോധം പഠിപ്പിക്കേണ്ട; മറുപടിയുമായി മുഖ്യമന്ത്രി

By Desk Reporter, Malabar News
pinarayi-vijayan

കണ്ണൂർ‌: കേന്ദ്രമന്ത്രി അമിത് ഷായുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വന്ന് അമിത് ഷാ നീതിബോധം പഠിപ്പിക്കാൻ നിൽക്കേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്‌ഥാനത്തിന് അനുസരിച്ചല്ല സംസാരവും പ്രവർത്തിയും എങ്കിൽ തങ്ങൾക്കും പറയേണ്ടി വരും. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ കേരളത്തിൽ വന്ന് നടത്തിയത് എന്നും മുഖ്യമന്ത്രി ആരോപിച്ചു.

മതസൗഹാർദത്തിന് കേളി കേട്ട നാട്ടിൽ വന്നാണ് അമിത് ഷാ ഉറഞ്ഞു തുള്ളിയത്. മുസ്‌ലിം എന്ന വാക്ക് പറയുമ്പോൾ അദ്ദേഹത്തിന്റെ സ്വരം കനക്കുന്നു. വർഗീയതയുടെ ആൾരൂപമാണ് അമിത് ഷാ എന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാത്തതല്ല. 2002ൽ ഗുജറാത്തിൽ നടന്നത് വർഗീയ കലാപം അല്ല വംശഹത്യയാണ്. 2002 കാലത്തെ സ്വഭാവത്തിൽ നിന്നും അമിത് ഷാ മാറിയിട്ടില്ല എന്നാണ് ഇന്നലത്തെ പ്രസംഗത്തിൽ നിന്ന് മനസിലായതെന്നും പിണറായി വിജയന്‍ പറഞ്ഞു.

തട്ടിക്കൊണ്ടു പോകലിന് ജയിലിൽ കിടന്നത് ആരാണെന്ന് അമിത് ഷാ സ്വയം ആലോചിക്കണം. സംശയാസ്‌പദ മരണം ഏതാണെന്ന് അമിത് ഷാ തന്നെ പറയട്ടെ. പറഞ്ഞാൽ അന്വേഷിക്കും. പക്ഷേ പുകമറ സൃഷ്‌ടിക്കാൻ നോക്കരുത്.

അക്രമങ്ങൾ ഉണ്ടാകുമ്പോൾ സംരക്ഷിക്കപ്പെടേണ്ടവർ എന്ന വിഭാഗം കേരളത്തിലില്ല. 2010ലെ സൊറാബുദ്ധീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ നേരെ വെടിവെക്കലായിരുന്നു. ആ കേസിൽ ചാർജ് ചെയ്യപ്പെട്ട ആളുടെ പേര് അമിത് ഷാ എന്നാണ്. അത് ഓർമയുണ്ടാകണം. ആ കേസ് പരിഗണിക്കേണ്ട ജഡ്‌ജി 2014ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അതിനെക്കുറിച്ച് എന്താണ് മിണ്ടാട്ടം ഇല്ലാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്വർണക്കടത്തിൽ ചില ചോദ്യങ്ങൾ ബിജെപിയോടുണ്ട്. ഇത് തടയാൻ കസ്‌റ്റംസ്‌ എന്ത് ചെയ്‌തു. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രത്തിന് കീഴിലല്ലേ. ഇത് സ്വർണക്കടത്തിന്റെ ഹബ് ആയത് എങ്ങനെയെന്ന് അമിത് ഷാ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

“അമിത് ഷാക്കും കുട്ടർക്കും വേണ്ടപ്പെട്ടവരിലേക്ക് എത്തിയപ്പോഴല്ലേ അന്വേഷണം തെറ്റായ നിലയിലേക്ക് പോയത്? കേരളത്തിൽ സ്വർണം വാങ്ങിയവരിലേക്ക് അന്വേഷണം എത്താത്തത് എന്തുകൊണ്ടാണ്? അവർക്ക് സംഘപരിവാർ ബന്ധം ഉള്ളത് കൊണ്ടല്ലേ? അന്വേഷണം നേര്‍ വഴിക്ക് നീങ്ങുമ്പോള്‍ ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റിയത് എന്തിനാണ്? മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു എന്ന മൊഴി നിങ്ങള്‍ അറിഞ്ഞില്ലേ? സംസ്‌ഥാന സര്‍ക്കാറിന് എതിരെ തിരിച്ചു വിടാന്‍ അന്വേഷണ ഏജന്‍സിയെ പ്രേരിപ്പിച്ചത് ആരാണ്?”- മുഖ്യമന്ത്രി ചോദിച്ചു.

അന്വേഷണ ഏജന്‍സി നേരും നെറിയോടെയും പ്രവര്‍ത്തിക്കണം. കൈകാര്യം ചെയ്യും എന്ന ഭീഷണി വേണ്ട. വിരട്ടല്‍ നടക്കില്ല. ഇത് കേരളമാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

Also Read:  ‘മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സ്വപ്‌നയെ നിർബന്ധിച്ചു’; സിപിഓയുടെ മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE