കോഴിക്കോട്: കീഴരിയൂരിലെ ആനപ്പാറ ക്വാറിക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനിടെ സംഘർഷം. അഞ്ച് പോലീസുകാരുൾപ്പടെ സ്‌ത്രീകളടക്കമുള്ള സമരക്കാർക്ക് സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊയിലാണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഒരുമാസമായി ആനപ്പാറ ക്വാറിക്കെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്.
ക്വാറിയിൽ നിന്ന് പോലീസ് സംരക്ഷണത്തിൽ ലോറി പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം സമരക്കാർ തടഞ്ഞതോടെയാണ് സംഘർഷത്തിന് ഇടയാക്കിയത്. പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വനിതാ പോലീസ് ഇല്ലാതെയാണ് സമരത്തിലുള്ള സ്‌ത്രീകളെ പോലീസ് തടഞ്ഞത്. ഇതോടെ സമരക്കാർ പ്രകോപിതരായി. സംഘർഷത്തിൽ അഞ്ച് പോലീസുകാർക്കും രണ്ട് സമരക്കാർക്കുമാണ് പരിക്കേറ്റത്.
ഇവർ കൊയിലാണ്ടി ആശുപത്രിയിൽ ചികിൽസയിലാണ്. അതേസമയം, പ്രശ്‌ന പരിഹാരത്തിനായി തഹസിൽദാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ക്വാറിയിലെ ചെറു സ്‌ഫോടനങ്ങൾ സമീപത്തെ വീടുകളിൽ വിള്ളലുകൾ ഉണ്ടാക്കിയിരുന്നു. ക്വാറി വന്നതിന് ശേഷം പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമവും നേരിട്ട് തുടങ്ങിയിരുന്നു. ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
Most Read: തൃപ്പുണിത്തുറ ക്ഷേത്രത്തിലെ കാൽകഴിച്ചൂട്ട് വഴിപാട്; അടിയന്തിര റിപ്പോർട് തേടി മന്ത്രി