യുവ സംരംഭകനും ഹെറാൾഡ് സാരഥിയുമായ അൻസിഫ് അഷ്‌റഫ് വിടപറഞ്ഞു

By Desk Reporter, Malabar News
Ansif Ashraf Passed Away
അൻസിഫ് അഷ്‌റഫ്

കൊച്ചി: യുവ സംരംഭകനും കൊച്ചിൻ ഹെറാൾഡ് ബിസിനസ് പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ ഇൻ-ചീഫുമായ അൻസിഫ് അഷ്‌റഫ് (37) മരണപ്പെട്ടു. ഷാർജയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. രണ്ടു ദിവസം മുൻപ് ഇദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ബുധനാഴ്‌ച രാവിലെ ശ്വാസ തടസമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഒരാഴ്‌ച മുൻപാണ് ഇദ്ദേഹം ഷാർജയിൽ നിന്ന് ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചത്.

നിരവധി പുരസ്‌കാരങ്ങൾ നേടിയ അൻസിഫ് 2012ലാണ് മാദ്ധ്യമ രംഗത്തേക്ക് പ്രവേശിച്ചത്. കൊച്ചിൻ ഹെറാൾഡിന്റെ അധികാരമേറ്റെടുത്ത് കൊണ്ടായിരുന്നു അത്. 1992ൽ പിതാവ് പ്രതിവാര പത്രമായി സ്‌ഥാപിച്ച ഹെറാൾഡിനെ അൻസിഫാണ് ഒരു ഇംഗ്ളീഷ് ബിസിനസ് പ്രസിദ്ധീകരണമായി മാറ്റിയത്. ബിസിനസ്, രാഷ്‌ട്രീയം, മാദ്ധ്യമങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഭരണം, വിനോദം തുടങ്ങിയ മേഖലകളിലെ പ്രമുഖരെയും സ്‌റ്റാർട് അപ്പ് സംരംഭകരേയും ഉൾക്കൊള്ളുന്ന കേരള സ്‌റ്റേറ്റ് ബിസിനസ് എക്‌സലൻസ് അവാർഡുകൾ സ്‌ഥാപിക്കുന്നതിലും അൻസിഫ് പ്രധാന പങ്കുവഹിച്ചു.

Ansif Ashraf with Ram Nath Kovind
പ്രസിഡണ്ട് റാം നാഥ് കോവിന്ദുമായി അൻസിഫ്

ലോക പ്രശസ്‌ത പ്രസിദ്ധീകരണമായ ബ്രിട്ടീഷ് ഹെറാൾഡ് ഇദ്ദേഹമാണ് പുനരാരംഭിച്ചത്. 1860ൽ ആരംഭിച്ച ഈ പ്രസിദ്ധീകരണം യുകെ ആസ്‌ഥാനമായി പ്രവർത്തിച്ചിരുന്നതാണ്. പലകാരണങ്ങളാൽ നിലച്ചുപോയിരുന്ന ഈ പ്രസിദ്ധീകരണം 2018ൽ അൻസിഫ് ഏറ്റടുക്കുകയും പുനരാരംഭിക്കുകയും ചെയ്‌തു. നിലവിലിത് യുകെയിലെ അറിയപ്പെടുന്ന ഓൺലൈൻ & ഓഫ്‍ലൈൻ പ്രസിദ്ധീകരണമാണ്.

ബ്രിട്ടീഷ് ഹെറാൾഡ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ലണ്ടൻ ആസ്‌ഥാനമായി ഹെറാൾഡ് മീഡിയാ നെറ്റ്‌വർക്ക് ലിമിറ്റഡ് എന്ന കമ്പനിയും ഇദ്ദേഹം സ്‌ഥാപിച്ചു. ഇതിന് കീഴിൽ കഴിഞ്ഞ വർഷം മുതൽ ബ്രിട്ടീഷ് ഹെറാൾഡ് ബിസിനസ് & ലീഡർഷിപ് അവാർഡ് എന്നൊരു ഇവന്റും ഇദ്ദേഹം ആരംഭിച്ചിരുന്നു. ലണ്ടൻ പ്രസ് ക്ളബിൽ അംഗമായ അപൂർവം ഇന്ത്യക്കാരിൽ ഒരാളാണ് അൻസിഫ് അഷ്‌റഫ്.

Boris Johnson with British Herald
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബ്രിട്ടീഷ് ഹെറാൾഡുമായി

2018 ജൂൺ 30ന് എപിജെ അബ്‌ദുൾ കലാം ഇന്റർനാഷണൽ ഫൗണ്ടേഷന്റെ കേരള ഘടകം സെക്രട്ടറി ജനറലായി. ഇംഗ്ളീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങൾ എഴുതിയ അൻസിഫ് മലയാള ഭാഷയിൽ ‘വ്യാപാരത്തിന്റെ പുതിയ നടപ്പുകൾ’ എന്ന പേരിൽ ഒരു പുസ്‌തകം രചിച്ചിട്ടുണ്ട്. യുവ സംരംഭകർക്ക് മാർഗനിർദേശം നൽകുന്നതിനായി പുറത്തിറക്കിയ ഈ പുസ്‌തകത്തിന് നല്ല സ്വീകാര്യത ലഭിച്ചിരുന്നു. ഇദ്ദേഹം നേതൃത്വം കൊടുക്കുന്ന ഇൻസാൻ ചാരിറ്റബിൾ ട്രസ്‌റ്റ് നിരവധി മനുഷ്യസ്‌നേഹ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

1983 നവംബർ 15ന് മഹാരാഷ്‌ട്രയിലെ താനെയിൽ ജനിച്ച അദ്ദേഹം 2000ൽ രാജ്യത്ത് ഡോട്ട് കോം വിപ്ളവത്തിന്റെ ആദ്യ വർഷങ്ങളിൽ ഗ്രാഫിക് ഡിസൈനറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിതാവിനൊപ്പം മഹരാഷ്‌ട്രയിലായിരുന്നു ബാല്യകാലം. പിന്നീട് സ്വന്തം നാടായ കൊച്ചിയിലേക്ക് കുടുംബമുൾപ്പടെ താമസം മാറിയിരുന്നു.

2006ൽ റബ്ബർ, കാർബൺ ബ്ളാക് എന്നിവ കൈകാര്യം ചെയ്യുന്ന വ്യാപാര സ്‌ഥാപനമായ പാരഡൈസ് ഗ്രൂപ്പ് കൊച്ചി ആസ്‌ഥാനമായി സ്‌ഥാപിച്ചു. രണ്ട് വർഷത്തിന് ശേഷം കൊച്ചിയിൽ തന്നെ എജിഐ ഹോൾഡിംഗ്‌സും രൂപീകരിച്ചു. 2020ൽ ഏഷ്യൻ ഹെറാൾഡ് എന്നൊരു പ്രസിദ്ധീകരണം ഷാർജ ആസ്‌ഥാനമായി ആരംഭിച്ചു. ഇതിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് അൻസിഫ് ഷാർജയിൽ തങ്ങിയിരുന്നത്.
Ansif Ashraf

ഒരു ആഗോള സംരംഭകനായി മാറുക എന്ന ലക്ഷ്യത്തിലേക്ക് നടന്നു കയറവേയാണ് ആകസ്‌മികമായി ഇദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്. ഇ-ബിസിനസ് ചാമ്പ്യൻ ഓഫ് 2008, ടൈംസ് ഓഫ് ഇന്ത്യയുടെ 2013ലെ ബ്രാൻഡ് ഐക്കൺ പുരസ്‌കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ കരസ്‌ഥമാക്കിയ ഇദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ട്‌. ഭാര്യ റംസീൻ അൻസിഫ്, മാതാവ് നസീം അഷ്‌റഫ്, സഹോദരൻ അർഷാദ് അഷ്‌റഫ്. പിതാവ് ഡോ എസ്എ മുഹമ്മദ് അഷ്‌റഫ് 2016ൽ അന്തരിച്ചിരുന്നു.

Most Read: ഇന്ത്യൻ എക്‌സ്​പ്രസിന് റിപ്പബ്ളിക് ടിവിയുടെ വക്കീൽ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE