അൻവറിന്റെ തന്ത്രം വിജയിച്ചു; കോൺഗ്രസിന്റെ ശക്‌തി കേന്ദ്രം ഇടത്തേക്ക്

By News Desk, Malabar News
PV-Anwar
PV Anwar

മലപ്പുറം: കോൺഗ്രസിന്റെ ശക്‌തി കേന്ദ്രങ്ങളിൽ ഒന്നായ നിലമ്പൂർ നഗരസഭ പിടിച്ചടക്കാൻ പിവി അൻവർ എംഎൽഎയുടെ തന്ത്രം വിജയം കണ്ടു. യുഡിഎഫ് സ്വാധീന മേഖലകളിൽ കോൺഗ്രസ് കുടുബങ്ങളിൽ നിന്ന് തന്നെ സ്‌ഥാനാർഥികളെ കണ്ടെത്തി കളത്തിലിറക്കാൻ എംഎൽഎ മെനഞ്ഞ തന്ത്രം നിലമ്പൂരിനെ ഇടതുപക്ഷത്തേക്ക് ചേർത്ത് നിർത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അൻവർ എംഎൽഎക്കും നിലമ്പൂരിലെ വിജയം ഗുണകരമായി. പിവി അൻവർ എംഎൽഎക്കെതിരായ ആരോപണങ്ങളുടെയെല്ലാം മുനയൊടിക്കുന്നതും തന്റെ സ്വാധീനം നിലമ്പൂരിൽ ശക്‌തമാണെന്ന് അരക്കെട്ടുറപ്പിക്കുന്നതും ആയിരുന്നു ഈ നീക്കം. അത് ഫലം കണ്ടുവെന്ന് വേണം അനുമാനിക്കാൻ.

യുഡിഎഫിന് അപ്രതീക്ഷിതമായ തിരിച്ചടിയാണ് നിലമ്പൂരിൽ ഉണ്ടായത്. സ്‌ഥാനാർഥി നിർണയത്തിന് ശേഷം ഭരണവും ഉറപ്പിച്ചാണ് യുഡിഎഫ് പ്രചാരണത്തിന് ഇറങ്ങിയത്. രാഹുൽ ഗാന്ധി ജനങ്ങൾക്ക് വിതരണം ചെയ്‌ത ഭക്ഷ്യ കിറ്റുകൾ പൂത്ത് നശിച്ചുപോയതിന് പിന്നാലെ ഉണ്ടായ വിവാദം എൽഡിഎഫ് അനുകൂലമാക്കി മാറ്റി.

കോൺഗ്രസ് കുടുംബങ്ങളിൽ നിന്ന് സ്‌ഥാനാർഥികളെ കണ്ടെത്തിയതിന് പിന്നിലും അൻവർ എംഎൽഎയാണ് പ്രവർത്തിച്ചത്. നിലവിൽ നിലമ്പൂർ എംഎൽഎയായ അൻവർ വാർഡുകളിൽ നേരിട്ടെത്തിയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പാർട്ടി അണികളെ ഒന്നിച്ച് നിർത്താനും ആരോപണങ്ങളെ നേരിടാനുള്ള കരുത്ത് പ്രവർത്തകർക്ക് നൽകാനും അൻവറിന്റെ നേതൃത്വത്തിന് കഴിഞ്ഞു. . കോൺഗ്രസ് പശ്‌ചാത്തലമുള്ള 13 പേരെ സ്‌ഥാനാർഥികളാക്കിയ തന്ത്രവും നേട്ടമുണ്ടാക്കി.

ആകെയുള്ള 33 വാർഡുകളിൽ 22ഉം എൽഡിഎഫ് കൈപ്പിടിയിൽ ഒതുക്കി. കോൺഗ്രസിന് ആകെ 9 വാർഡ് മാത്രമാണ് നേടാനായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25 വാർഡുകൾ നേടിയ യുഡിഎഫാണ് ഇത്തവണ പിന്നോക്കം പോയത്. ഒരു വാർഡ് പിടിച്ച് ബിജെപിയും അക്കൗണ്ട് തുറന്നു. മുസ്‌ലിം ലീഗിന് ഒരു വാർഡിൽ പോലും നിലയുറപ്പിക്കാനായില്ല.

ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മിന്നുന്ന പ്രകടനമാണ് കേരളം കണ്ടത്. യുഡിഎഫ് കോട്ടകളെ ഓരോന്നായി പിടിച്ചടക്കി എൽഡിഎഫ് മുന്നേറി. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയും മാണിയുടെ പാലായും നീണ്ട വർഷങ്ങൾക്ക് ശേഷം ചുവന്നു. ഇവിടങ്ങളിൽ യുഡിഎഫിന്റെ പരാജയം ഒരുപക്ഷേ എൽഡിഎഫ് പോലും പ്രതീക്ഷിച്ച് കാണില്ല. രമേശ് ചെന്നിത്തലയുടെയും മുല്ലപ്പള്ളിയും വാർഡുകൾ കീഴടക്കിയ ഇടതു മുന്നേറ്റം കോർപറേഷനുകളിലും ജില്ലാ, ബ്‌ളോക്ക്, ഗ്രാമ പഞ്ചായത്തുകളിലും തുടർന്നു.

Also Read: ബിജെപിയിൽ പൊട്ടിത്തെറി; സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് നേതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE