ഇത്ര വേഗത്തിൽ അനുമതി കൊടുക്കാൻ സാധിക്കുമല്ലേ? വിശദീകരണം തേടി ഹൈക്കോടതി

പാർക്കിന് അനുമതി നൽകിയത് ഏത് സാഹചര്യത്തിലാണെന്നത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടരഞ്ഞി പഞ്ചായത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി.

By Trainee Reporter, Malabar News
PV Anwar MLA
Ajwa Travels

കൊച്ചി: പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കക്കാടംപൊയിലിലെ പാർക്കിന് എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് ലൈസൻസ് നൽകിയതെന്ന് ഹൈക്കോടതി. പഞ്ചായത്തുകൾ ഇത്ര വേഗത്തിൽ അനുമതി നൽകിയാൽ കോടതിയിൽ കേസുകൾ പകുതിയായി കുറയുമല്ലോയെന്നും ഹൈക്കോടതി വിമർശിച്ചു. പാർക്കിന് അനുമതി നൽകിയത് ഏത് സാഹചര്യത്തിലാണെന്നും കൂടരഞ്ഞി പഞ്ചായത്തിനോട് ഹൈക്കോടതി ചോദിച്ചു.

ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ പഞ്ചായത്തിന് കോടതി നിർദ്ദേശം നൽകി. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. ഇന്ന് കേസ് പരിഗണിക്കാനിരിക്കേയാണ് തിരക്കിട്ട് പഞ്ചായത്ത് പാർക്കിന് അനുമതി നൽകിയത്. ഇത്ര വേഗത്തിലൊക്കെ അനുമതി കൊടുക്കാൻ പഞ്ചായത്തുകൾക്ക് സാധിക്കുമല്ലേയെന്നും കൂടരഞ്ഞി പഞ്ചായത്തിന്റെ നടപടിയോടുള്ള പ്രതികരണമെന്ന നിലയിൽ ജസ്‌റ്റിസ്‌ വിജു എബ്രഹാം ചോദിച്ചു.

എന്നാൽ, കുട്ടികളുടെ പാർക്ക് തുറക്കാൻ മാത്രമാണ് അനുമതിയെന്നും റൈഡുകളും പൂളുകളും ഉപയോഗിക്കാൻ അനുമതിയില്ലെന്നും പഞ്ചായത്ത് കോടതിയെ അറിയിച്ചു. പാർക്കിൽ എന്തൊക്കെ പ്രവർത്തിപ്പിക്കാനാണ് അനുമതി നൽകിയത്, എന്തൊക്കെ പാടില്ല തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകാൻ കൂടരഞ്ഞി പഞ്ചായത്തിനും അൻവറിനും കോടതി നിർദ്ദേശം നൽകി.

പാർക്കിന് അനുമതി നൽകിയത് ചോദ്യം ചെയ്‌തുള്ള ഹരജി ഇന്ന് പരിഗണിക്കാനിരിക്കേയാണ് പഞ്ചായത്ത് നിർണായക നീക്കം നടത്തിയത്. ഏഴ് ലക്ഷം രൂപ ലൈസൻസ് ഫീ ഈടാക്കിയാണ് കൂടരഞ്ഞി പഞ്ചായത്ത് അൻവറിന്റെ പാർക്കിന് ലൈസൻസ് നൽകിയിരിക്കുന്നത്. ലൈസൻസ് നേടുന്നതിനായി റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫീസിൽ അടച്ചു. പാർക്കിന് ലൈസൻസ് ഇല്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇതോടെ, ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കുമെന്ന് കോടതി തിരിച്ചു ചോദിച്ചു. എന്നാൽ, ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണം. അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ല. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും പഞ്ചായത്ത് കോടതിയെ അറിയിച്ചു. ഇതോടെ, പാർക്കിന്റെ നടത്തിപ്പ് സംബന്ധിച്ച് വിശദീകരണം നൽകാൻ പഞ്ചായത്തിന് കോടതി നിർദ്ദേശം നൽകി. ഇതോടെ സമ്മർദ്ദത്തിലായ പഞ്ചായത്ത് അധികൃതർ ഒറ്റദിവസം കൊണ്ട് ലൈസൻസ് അനുവദിക്കുകയായിരുന്നു.

ഉരുൾപൊട്ടലിനെ തുടർന്ന് അടച്ച പിവിആർ നേച്ചർ ഒ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടിവി രാജൻ നൽകിയ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. 2018ലെ ഉരുൾപൊട്ടലിനെ തുടർന്നാണ് പാർക്ക് അടച്ചു പൂട്ടിയത്. പിന്നീട് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.

Most Read| കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE