ഗ്യാലറിയിലിരുന്നു കളി കാണാന്‍ ആര്‍ക്കും കഴിയും, പരിഹാരം പറയൂ; മനേക ഗാന്ധിക്കെതിരെ എകെ ശശീന്ദ്രൻ

By Desk Reporter, Malabar News
Anyone can watch the game in the gallery, tell the solution; AK Saseendran against Maneka Gandhi

കോഴിക്കോട്: കാട്ടുപന്നികളെ കൊല്ലുന്നതിനെ വിമർശിച്ച ബിജെപി എംപി മനേക ഗാന്ധിയുടെ പ്രസ്‌താവനക്ക് എതിരെ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. പരിഹാരമാര്‍ഗം എന്താണെന്ന് മനേക ഗാന്ധി നിർദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

കാട്ടുപന്നിയെ കൊല്ലാനുള്ള ഇപ്പോഴുള്ള ഉത്തരവ് പരീക്ഷണാടിസ്‌ഥാനത്തിൽ ഉള്ളതാണ്. കാട്ടുപന്നികളുടെ എണ്ണം നിയന്ത്രണവിധേയമായാല്‍ ഇപ്പോഴുള്ള ഉത്തരവ് പിന്‍വലിക്കും. ഗ്യാലറിയിലിരുന്ന് കളി കാണാന്‍ എല്ലാവര്‍ക്കും കഴിയും, എന്നാല്‍ മലയോര മേഖലയിലെ ജനങ്ങളുടെ ബുദ്ധിമുട്ട് കാണാതെ പോകരുതെന്നും മന്ത്രി പറഞ്ഞു.

കാട്ടുപന്നികള്‍ കാട്ടില്‍നിന്ന് ഇറങ്ങി വന്ന് മനുഷ്യരെ കൊല്ലുന്നു, കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. പരിഹാരം എന്താണ് എന്നതാണ് പ്രധാനം. വന്യമൃഗങ്ങളുടെ വംശ വര്‍ധനവ് എത്രത്തോളമാണ്, എത്ര ശതമാനമാണ് എന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു പഠനവും നടത്തിയിട്ടില്ല.

നാലോ അഞ്ചോ വര്‍ഷം മുന്‍പത്തെ റിപ്പോർട് വെച്ച് ഇപ്പോഴത്തെ സ്‌ഥിതി കൈകാര്യം ചെയ്യാന്‍ കഴിയില്ല. മലയോര മേഖലയിലെ കര്‍ഷകര്‍ ഉൾപ്പടെയുള്ള മനുഷ്യര്‍ നേരിടുന്ന പ്രധാന പ്രശ്‌നം എന്താണ് എന്നതാണ് പരിശോധിക്കേണ്ടത്; മന്ത്രി പറഞ്ഞു.

കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും ജീവന് ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്ന ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാമെന്ന് വന നിയമത്തില്‍ പറയുന്നു. സാഹചര്യങ്ങള്‍ അനുസരിച്ച് ഇത്തരം ഭേദഗതി വരുത്താനാണ് നിയമത്തില്‍ അങ്ങനെയൊരു കാര്യം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ കാട്ടുപന്നി ഭീഷണിയെന്ന പരാതി കെട്ടിച്ചമച്ചതാണ് എന്നായിരുന്നു ബിജെപി എംപി മനേക ഗാന്ധി പറഞ്ഞത്.

മലയോര കര്‍ഷകര്‍ക്ക് ഭീഷണിയായ കാട്ടുപന്നികളെ കൊല്ലുന്നതിനായി കേരള സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് മേനകാ ഗാന്ധി രംഗത്തുവന്നത്. ഈ ഉത്തരവ് ഇന്ത്യയെ മൊത്തത്തില്‍ ബാധിക്കുമെന്നാണ് അവർ പറഞ്ഞത്.

“പരിസ്‌ഥിതി സന്തുലനാവസ്‌ഥ നിലനിര്‍ത്തുന്നതിന് കാട്ടുപന്നിക്ക് അവരുടേതായ ഭാഗമുണ്ട്. കേരളത്തില്‍ എന്നല്ല, എവിടെയുമുള്ള കര്‍ഷകര്‍ക്ക് കാട്ടുപന്നിയെ കൊല്ലണം എന്ന് ആഗ്രഹമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സത്യത്തില്‍ വേട്ടക്കാരാണ് ഇതിന് പിന്നില്‍. അവര്‍ കര്‍ഷകരെ ഒരു മറയായി ഉപയോഗിക്കുകയാണ്,”- എന്നും മനേക ഗാന്ധി പറഞ്ഞിരുന്നു.

Most Read:  ബിദിഷക്ക് പിന്നാലെ ബംഗാളി മോഡലായ മഞ്‌ജുഷയും ആത്‍മഹത്യ ചെയ്‌ത നിലയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE