കൊച്ചി: നടി അർച്ചന കവിയുടെ ആരോപണത്തിൽ എസ്എച്ച്ഒയ്‌ക്കെരെ നടപടി. ഫോർട്ട് കൊച്ചി എസ്എച്ച്ഒ സിഎസ് ബിജുവിനെ സിറ്റി പൊലീസ് കമ്മീഷണർ താക്കീത് ചെയ്‌തു. എസ്എച്ച്ഒയുടെ ഭാഗത്ത് തെറ്റ് സംഭവിച്ചതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കൊച്ചിയിൽ വാഹന പരിശോധനക്കിടെ പോലീസ് നടത്തിയത് സദാചാര പോലീസിംഗെന്നായിരുന്നു നടി അർച്ചന കവിയുടെ ആരോപണം. രാത്രി യാത്രക്കിടെ കൊച്ചി പോലീസിൽ നിന്ന് ഉണ്ടായ ദുരനുഭവം പങ്കുവച്ചെങ്കിലും നടി അർച്ച കവി സംഭവത്തിൽ പരാതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നടപടി താക്കീതിൽ ഒതുങ്ങിയത്.
ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രിയിൽ സ്‌ത്രീകൾ മാത്രം യാത്ര ചെയ്‌ത ഓട്ടോ തടഞ്ഞ് കൊച്ചി പോലീസ് മോശമായി പെരുമാറിയെന്നാണ് ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ നടി വ്യക്‌തമാക്കിയത്. കൊച്ചി രവിപുരത്ത് നിന്ന് ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.
ഓട്ടോ തടഞ്ഞ് നിർത്തിയ പോലീസ് രൂക്ഷമായ ഭാഷയിലാണ് വിവരങ്ങൾ ചോദിച്ചതെന്നും മുഴുവൻ കാര്യങ്ങൾ പറഞ്ഞിട്ടും പിന്തുടർന്നെന്നുമാണ് പോസ്‌റ്റിൽ നടി ആരോപിച്ചത്. അതേസമയം പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നും തന്റെ അനുഭവം മറ്റുള്ളവർ കൂടി അറിയാനാണ് സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചതെന്നും നടി പ്രതികരിച്ചിരുന്നു.
Most Read: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ