മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യന്‍ ഖാന്‍, അര്‍ബാസ് മർച്ചന്റ് എന്നിവരെയും മറ്റ് ആറ് പ്രതികളെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയില്‍ വിട്ടു. ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ കൂടിയായ ആര്യന്‍ ഖാനെ കസ്‌റ്റഡിയില്‍ വേണമെന്ന എന്‍സിബിയുടെ ആവശ്യം കോടതി തളളി. ചോദ്യം ചെയ്യാന്‍ ആവശ്യത്തിന് സമയം ലഭിച്ചതായും കോടതി വ്യക്‌തമാക്കി.
അതേസമയം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വാദം കേള്‍ക്കും. നാളെ രാവിലെ 11നാണ് ഹരജി പരിഗണിക്കുക. എൻസിബിയുടെ മറുപടി അപ്പോൾ നൽകിയാൽ മതിയെന്നും കോടതി അറിയിച്ചു.
അറസ്‌റ്റിലായവരിൽ ഒരാള്‍ ആര്യന് ലഹരിമരുന്ന് വിതരണം ചെയ്‌തെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആരോപിച്ചിരുന്നു. ആര്യന് ജാമ്യം നല്‍കരുതെന്നും വീണ്ടും കസ്‌റ്റഡിയില്‍ വേണമെന്നുമാണ് എന്‍സിബി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാൽ ചോദ്യം ചെയ്യാൻ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയ്‌ക്ക് ആവശ്യത്തിന് സമയം ലഭിച്ചതായി കോടതി അറിയിച്ചു.
പ്രതികളെ ഈ മാസം 11 വരെ കസ്‌റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍സിബി അപേക്ഷ നല്‍കി. ഇതുവരെ 17 പേരെ അറസ്‌റ്റ് ചെയ്‌തതായും എന്‍സിബി അറിയിച്ചു.
മുംബൈയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട കോര്‍ഡിലിയ എന്ന ആഡംബര കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് ശനിയാഴ്‌ച വൈകിട്ടാണ് എന്‍സിബിയുടെ രഹസ്യ ഓപ്പറേഷനില്‍ പ്രതികളെ പിടികൂടിയത്. 13 ഗ്രാം കൊക്കെയ്ൻ, 21 ഗ്രാം ചരസ്, 22 എംഡിഎംഎ, 5 ഗ്രാം എംഡി എന്നിവയാണ് ഉദ്യോഗസ്‌ഥർ കണ്ടെടുത്തത്.
Most Read: കർഷകർക്ക് ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റി ബിജെപി എംപി