തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. എല്ലാ അന്താരാഷ്‌ട്ര യാത്രക്കാരും കേരളത്തിൽ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗ നിരീക്ഷണം നടത്തുകയും, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആർടിപിസിആർ പരിശോധന നടത്തേണ്ടതുമാണ്.
കോവിഡ് പരിശോധനാ ഫലത്തിന്റെ അടിസ്‌ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കേണ്ടതാണ്. വിമാനത്തിലെ അന്താരാഷ്‌ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേർക്ക് റാൻഡം പരിശോധന നടത്തുന്നതാണ്. എയർലൈൻ ജീവനക്കാരാണ് ഇവരെ കണ്ടെത്തി നൽകേണ്ടത്. പരിശോധനയുടെ ചിലവ് സംസ്‌ഥാനം വഹിക്കും. സ്വന്തം സുരക്ഷക്കും, കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷക്കുമായി മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.
അന്താരാഷ്‌ട്ര യാത്രക്കാർ സംസ്‌ഥാനത്ത് എത്തിച്ചേരുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്ക് സ്വയം ആരോഗ്യനിരീക്ഷണം തുടരുകയും രോഗലക്ഷണങ്ങൾ ഉണ്ടായാൽ പരിശോധനക്ക് വിധേയമാവുകയും വേണം. കർശനമായ കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണം. ഇവർ ഈ കാലയളവിൽ അടച്ചിട്ട ഇടങ്ങളിൽ ഒത്തുകൂടുന്നതും ആൾക്കൂട്ടമുള്ള സ്‌ഥലങ്ങളും ഒഴിവാക്കണം. കോവിഡ് പോസിറ്റീവ് ആയ എല്ലാ യാത്രക്കാരുടെയും സാമ്പിളുകൾ ജനിതക പരിശോധനക്ക് അയക്കും.
ഇവരുടെ ചികിൽസ നിലവിലുള്ള മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ചെയ്യും. എത്തിച്ചേരുന്ന എട്ടാം ദിവസം റാപ്പിഡ് ആന്റിജൻ ടെസ്‌റ്റ് ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്‌ക്ക് ഉചിതമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അന്താരാഷ്‌ട്ര യാത്രക്കാരുടെ അഭ്യർഥന പരിഗണിച്ചും സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്‌ധ സംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം എടുത്തതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Most Read: സംവിധായകൻ ബാലചന്ദ്രകുമാറിന് എതിരെ പീഡന പരാതി