ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അസാനി അതിതീവ്ര ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക് അടുക്കുന്നു. ഇതുമൂലം ആന്ധ്രാപ്രദേശിലെ കാക്കിനഡ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പടിഞ്ഞാറൻ, മധ്യ ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്കൻ ആന്ധ്രാ തീരത്തേക്കാണ് അസാനി നീങ്ങുന്നതെന്ന് ഒഡീഷ സ്‌പെഷ്യൽ റിലീഫ് കമ്മീഷണർ പ്രദീപ് കുമാർ ജെന വ്യക്‌തമാക്കി.
അസാനിയുടെ പ്രഭാവം മൂലം നൽഗൊണ്ട, സൂര്യപെട്ട്, ഭദ്രാരി, കൊദഗുഡം, ഖമ്മം, മുലുഗു ജില്ലകളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. കാക്കിനഡ തീരം തൊടുന്ന അസാനി പിന്നീട് കടലിൽ കാക്കിനഡക്കും വിശാഖപട്ടണത്തിനും ഇടയിലേക്ക് എത്തുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ നിഗമനം. വിശാഖപട്ടണത്തും കനത്ത മഴ തുടരുകയാണ്.
നിലവിൽ തീവ്ര ചുഴലിക്കാറ്റായി നിലകൊള്ളുന്ന അസാനി നാളെയോടെ ശക്‌തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. അതേസമയം, മഴ കനത്തത് വിമാന സർവീസുകളെയും ബാധിച്ചിട്ടുണ്ട്. ഹൈദരാബാദ്, വിശാഖപട്ടണം, ജയ്‌പൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് അടക്കമുള്ള നിരവധി ആഭ്യന്തര വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.
അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ ഇന്ന് മഴ തുടരും. സംസ്‌ഥാനത്ത് 14 വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മഴക്കും, 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന് ഇന്നലെ രാത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Most Read: മഹിന്ദ രാജപക്‌സെ ഇന്ത്യയിലേക്ക് കടന്നു; വ്യാജ പ്രചാരണമെന്ന് വിശദീകരണം