തിരുവനന്തപുരം: അസാനി തീവ്ര ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. സംസ്‌ഥാനത്ത് ഇന്ന് മഴ ശക്‌തമാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയുണ്ട്. ഉച്ചക്ക് ശേഷം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ ലഭിക്കും. അടുത്ത ദിവസങ്ങളിലും കേരളത്തിൽ മഴ തുടരാനാണ് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാൽ കേരള തീരത്ത് ഏർപ്പെടുത്തിയ മൽസ്യബന്ധന വിലക്ക് തുടരുകയാണ്.
അതേസമയം, അസാനി ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തിന് അടുത്തെത്തി. ഇതുമൂലം ആന്ധ്രാ, ഒഡീഷ തീരങ്ങളിൽ ശക്‌തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് വിശാഖപട്ടണം തുറമുഖം താൽക്കാലികമായി അടച്ചു. നിരവധി വിമാന സർവീസുകളും ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. രാത്രിയോടെ തീവ്രത കുറഞ്ഞു അസാനി ബംഗാൾ ഉൾക്കടലിൽ പ്രവേശിക്കും.
അതിതീവ്ര ചുഴലിക്കാറ്റിൽ നിന്ന് തീവ്ര ചുഴലിക്കാറ്റ് ആയതോടെ അസാനിയുടെ ശക്‌തി കുറഞ്ഞിട്ടുണ്ട്. ആന്ധ്രാ, ഒഡീഷ തീരങ്ങളിൽ ഇന്ന് ഉച്ച മുതൽ തുടങ്ങിയ മഴ കൂടുതൽ ശക്‌തമായി. മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് നാശനഷ്‌ടം ഉണ്ടായി. റാണിപെട്ട് നദിയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേരെ കാണാതായി. ഗൻജം തുറമുഖത്തിനോട് ചേർന്ന് 11 മൽസ്യത്തൊഴിലാളികൾ സഞ്ചരിച്ച വള്ളം മറിഞ്ഞു.
ഇതിൽ ഏഴ് പേരെ കോസ്‌റ്റ്ഗാർഡ് രക്ഷിച്ചു. നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്. ഒഡിഷ-പശ്‌ചിമ ബംഗാൾ തീരങ്ങളിലും കനത്ത മഴയുണ്ട്. വിശാഖപട്ടണം വിജയവാഡ വിമാനത്താവളങ്ങൾ തൽക്കാലത്തേക്ക് അടച്ചു. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു വിമാനത്താവളങ്ങളിൽ നിന്നും ചില സർവീസുകൾ റദ്ദാക്കി. ഈസ്‌റ്റ് കോസ്‌റ്റ് റെയിൽവെ ആന്ധ്ര-ഭുവനേശ്വർ റൂട്ടിലൂടെയുള്ള ഇരുപതോളം ട്രെയിൻ സർവീസുകൾ റദ്ദാക്കി.
Most Read: ബിഹാർ സെക്രട്ടേറിയേറ്റിൽ തീപിടുത്തം; ആയിരക്കണക്കിന് ഫയലുകൾ കത്തിനശിച്ചു