തളിപ്പറമ്പ്: ഓട്ടോ ടാക്സിയിൽ നിന്ന് അപഹരിച്ചതായി പറയുന്ന എടിഎം കാർഡ് ഉപയോഗിച്ച് 70,000 രൂപ കവർന്ന സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ തെരുപ്പറമ്പിൽ എസ് ഗോകുലിനെയാണ് (28) തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
ചൊക്ളി ഒളവിലം സ്വദേശിയായ മനോജ് കുമാർ തന്റെ ഓട്ടോയിൽ തളിപ്പറമ്പിലേക്ക് വരുമ്പോൾ ബക്കളത്ത് വെച്ച് വണ്ടി കേടായി. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഗോകുൽ വാഹനം നന്നാക്കാൻ സഹായിക്കുന്നതിനിടെ മനോജിന്റെ ബാഗിലുണ്ടായിരുന്ന എടിഎം കാർഡ് കവർച്ച ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
കാർഡിന്റെ പിൻ നമ്പർ ഇതിന്റെ കവറിൽ തന്നെ എഴുതി വെച്ചിട്ടുണ്ടായിരുന്നു എന്നും പോലീസ് പറഞ്ഞു. തുടർന്ന് പല തവണയായി 10,000 രൂപ വീതം പിൻവലിക്കുകയും പിന്നീട് തളിപ്പറമ്പിലെ ഒരു ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങുകയും ചെയ്തു. ഈ ഫോൺ പിന്നീട് മറ്റൊരാൾക്ക് വിറ്റു. മനോജ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നഗരത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചാണ് പോലീസ് ഗോകുലിനെ പിടികൂടിയത്.
പിടികൂടി വരുന്ന വഴി ഇയാൾ പോലീസ് ജീപ്പിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഒരു സ്കൂട്ടർ യാത്രക്കാരിയുടെ ദേഹത്താണ് വീണത്. ഉടനെ തന്നെ പോലീസ് ഇയാളെ വീണ്ടും പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഗോകുലിനെ റിമാൻഡ് ചെയ്തു.
Also Read: കുടുംബവഴക്കിനെ തുടർന്ന് വീടിനു തീയിട്ടു; കുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം