കാസർഗോഡ്: മുള്ളേരിയ ടൗണിലെ അനധികൃത മീൻവിൽപന തടയാനെത്തിയ പോലീസിനെ കയ്യേറ്റം ചെയ്‌ത മൂന്ന് പേർ അറസ്‌റ്റിൽ. കാറഡുക്ക പൂത്തപ്പലത്തെ ഇബ്രാഹിം ബാദുഷ (26), നായൻമാർമൂല സ്വദേശികളായ മുഹമ്മദ് ജുനൈദ് (19), അബ്‌ദുൽ ഷമ്മാസ് (23) എന്നിവരെയാണ് ആദൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
പോലീസിന്റെ ജോലി തടസപ്പെടുത്തിയതിനും കയ്യേറ്റം ചെയ്‌തതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് മൂന്ന് പേർക്കുമെതിരെ കേസെടുത്തത്.
ഞായറാഴ്‌ച വൈകിട്ട് 4ന് പഞ്ചായത്ത് ഓഫിസിന് മുൻപിലാണു സംഭവം. രാവിലെ മുതൽ റോഡരികിൽ മീൻ വിൽപന നടത്തുകയായിരുന്നു ഇവർ. മീൻപെട്ടിയിലെ വെള്ളം റോഡിലേക്ക് ഒഴുകി യാത്രക്കാർക്കു ബുദ്ധിമുട്ടാകുന്നുവെന്ന പരാതിയെ തുടർന്ന് എസ്ഐ ഇ രത്‌നാകരനും സംഘവും സ്‌ഥലത്തെത്തി വിൽപന നിർത്താൻ ആവശ്യപ്പെട്ടു.
എസ്ഐ ഉൾപ്പടെ മൂന്ന് പോലീസുകാരാണ് ഉണ്ടായിരുന്നത്. ഇതോടെ പ്രതികൾ പോലീസിനു നേരെ തിരിയുകയും തർക്കിക്കുകയും ചെയ്‌തു. പോലീസ് ബലമായി മീൻ എടുത്തു മാറ്റാൻ തുടങ്ങിയതോടെ പ്രതികൾ എസ്ഐയുടെ ഷർട്ടിൽ പിടിച്ചു തള്ളുകയും ചെയ്‌തു. ഇതോടെ പോലീസ് ബലം പ്രയോഗിച്ച് ഇവരെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇവർ വിൽക്കാൻ കൊണ്ടുവന്ന മീൻ പഞ്ചായത്ത് അധികൃതർ കുഴിച്ചുമൂടി.
Most Read: പിടികൂടിയ ടിപ്പറിൽ നിന്ന് മണ്ണ് കാണാതായ സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്