സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ ശ്രമം; കെസി വേണുഗോപാലിന് എതിരെ പരാതി നൽകാൻ എ, ഐ ഗ്രൂപ്പുകൾ

By Desk Reporter, Malabar News
KC-Venugopal

തിരുവനന്തപുരം: സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഹൈക്കമാൻഡിന് പരാതി നല്‍കാന്‍ എ, ഐ ഗ്രൂപ്പുകള്‍. ഗ്രൂപ്പ് പോര് നിർത്തുമെന്ന് പറഞ്ഞ് വേണുഗോപാല്‍ കേരളത്തില്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുന്നത്.

അതേസമയം, കോൺഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ അങ്ങോട്ട് പോയി ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കില്ലെന്ന സൂചന നൽകി മുതിർന്ന നേതാവ് ഉമ്മൻചാണ്ടി രംഗത്ത് വന്നു. പാര്‍ടിയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കുകയാണ് മാര്‍ഗം. ചര്‍ച്ചകള്‍ക്കായി ആരെങ്കിലും മുന്‍കൈ എടുത്താല്‍ സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാർടിയിൽ പ്രശ്‌നങ്ങള്‍ തീര്‍ന്നോ എന്ന ചോദ്യത്തിന് ഇനിയും ദിവസങ്ങളുണ്ടല്ലോ എന്നായിരുന്നു മറുപടി. എന്നാല്‍ ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ചകള്‍ നടത്തിയെന്നതിന് തെളിവായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഡയറി ഉയര്‍ത്തി കാട്ടിയ സംഭവത്തോട് അദ്ദേഹം പ്രതികരിച്ചില്ല. അക്കാര്യത്തിൽ പ്രതികരണം പിന്നീടാവാം എന്നായിരുന്നു മറുപടി.

ഹൈക്കമാന്‍ഡ് നിർദ്ദേശ പ്രകാരം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ മുന്‍കൈ എടുത്താവും സംസ്‌ഥാന കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ നടക്കുക. ഇതിന്റെ സൂചനയും ഉമ്മന്‍ചാണ്ടി നല്‍കി.

കേരളത്തിലെ കോൺഗ്രസിന്റെ പ്രശ്‌നങ്ങളിൽ പാർടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് ഇടപെടണമെന്നാണ് ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നത്. താരിഖ് അന്‍വറിന്റെ സമവായ ശ്രമങ്ങളോട് മുഖം തിരിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം. കെസി വേണുഗോപാലിന്റെ നിർദ്ദേശങ്ങൾ മാത്രം നടപ്പാക്കുന്ന താരിഖ് അന്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാണെന്ന വികാരം ഗ്രൂപ്പുകള്‍ക്കുണ്ട്.

അതിനിടെ ശിവദാസന്‍ നായര്‍ക്ക് പിന്നാലെ കെപിസിസി നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയുമായി ജനറല്‍ സെക്രട്ടറി കെപി അനില്‍ കുമാര്‍ രംഗത്തെത്തി. തനിക്കെതിരായ സസ്‌പെൻഷൻ നടപടി പിന്‍വലിക്കണമെന്ന് അനില്‍ കുമാര്‍ ആവശ്യപ്പെട്ടു. അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.

ഡിസിസി പട്ടിക പുറത്തുവന്നതിന് തൊട്ടുമുന്‍പാണ് പട്ടികക്കെതിരെ അനില്‍ കുമാര്‍ ഗുരുതരമായ വിമര്‍ശനം നടത്തിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Most Read:  കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ക്രൈം ബ്രാഞ്ചിന് കത്തയച്ച് ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE