തിരുവനന്തപുരം: എംഎൽഎമാരുടെ മോശം പദപ്രയോഗത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ചില എംഎൽഎമാർ ചിലഘട്ടങ്ങളിൽ മോശം പദങ്ങൾ ഉപയോഗിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ സഭാ നടപടികൾക്ക് നിരക്കുന്നതാണോയെന്ന് അവർ ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎൽഎമാർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
സഭയിൽ ചിലഘട്ടങ്ങളിൽ മോശം പദപ്രയോഗം ഉണ്ടാകുന്നു. അത് അവകാശമാണെന്ന് ചിലർ കരുതുന്നു. ശരി അല്ലാത്തത് വിളിച്ചു പറയുന്നത് നല്ലതാണെന്ന് കരുതുന്ന ചിലർ ഉണ്ട്. എപ്പോഴും ഓരോ ആളുകളുടെയും ധാരണ അനുസരിച്ചാണ് ഇടപെടുന്നത്. അവരവരുടെ മനസാക്ഷിക്ക് നിരക്കുന്നത് ആവണം ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രൂക്ഷമായ വാദപ്രതിവാദങ്ങൾ സഭയിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. വാക്കാലുള്ള ഏറ്റുമുട്ടൽ സഭയിൽ ഉണ്ടായാലും എല്ലാ ഘട്ടത്തിലും സീമ ലംഘിക്കാതിരിക്കാൻ ശ്രദ്ധ പുലർത്തണം. ചില ഘട്ടങ്ങളിൽ പൊതുവേ ഉണ്ടാകേണ്ട സൗഹൃദ അന്തരീക്ഷം തകർന്നു പോകുന്നു. അത് ഗുണകരമല്ല. വീക്ഷണം വ്യത്യസ്‌തം ആയിരിക്കാം. അത് വ്യത്യസ്‌തമായി അവതരിപ്പിക്കാം. സാമാജികർ കൃത്യമായ ഗൃഹപാഠത്തിന്റെ അടിസ്‌ഥാനത്തിൽ ഇടപെടണം. നിയമസഭാ ലൈബ്രറി അടക്കം സാമാജികർ കൃത്യമായി ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read| ‘കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധം’; ശക്‌തമായി അപലപിച്ചു ഇന്ത്യ