ഇസ്ലാമാബാദ്: സാമൂഹിക മാദ്ധ്യമങ്ങളിലെ ഇസ്ലാമോഫോബിക് ഉള്ളടക്കങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചു. പാക്കിസ്ഥാന് സര്‍ക്കാരാണ് ട്വിറ്ററിലൂടെ ഇമ്രാന് ഖാന് സുക്കര്‍ ബര്‍ഗിനെഴുതിയ കത്ത് പുറത്തുവിട്ടത്. വളരുന്ന ഇസ്ലാമോഫോബിയ ലോകത്തേയാകെ തീവ്രവാദത്തിലേക്കും ആക്രമണത്തിലേക്കും നയിക്കുമെന്ന് കത്തില്‍ ഇമ്രാന് ഖാന് പറഞ്ഞു.
ഹോളോകോസ്റ്റുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളെ നിരോധിച്ചതിന് സമാനമായി ഇസ്ലാമോഫോബിയ പരത്തുന്ന ഉള്ളടക്കങ്ങളും നിരോധിക്കണമെന്ന് ഇമ്രാന് ഖാന് കത്തില്‍ പറഞ്ഞു. ഇസ്ലാമിനെതിരായ വിദ്വേഷം ഹോളോകോസ്റ്റിന് സമാനമായി കാണണമെന്നും ഇമ്രാന് ഖാന് കത്തില്‍ ആവശ്യപ്പെട്ടു. ലോകമെമ്പാടും വിദ്വേഷം, തീവ്രവാദം, അക്രമം എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിന് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനാണ് എഴുതുന്നതെന്ന് ഇമ്രാന് ഖാന് പറഞ്ഞു.
ജര്‍മ്മനിയിലും യൂറോപ്പിലുമുള്ള ജൂതന്മാരുടെ നാസി വംശഹത്യയുടെ പര്യവസാനമായ ഹോളോകോസ്റ്റിനെ വിമര്‍ശിക്കുന്നതും ചോദ്യം ചെയ്യുന്നതുമായ പോസ്റ്റുകള്‍ നിരോധിക്കാനുള്ള സുക്കര്‍ബര്‍ഗിന്റെ നടപടിയെ അഭിനന്ദിക്കുന്നതായി പാക് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകം മുസ്ലിങ്ങള്‍ക്കെതിരായ സമാനമായ വംശഹത്യക്ക് സാക്ഷ്യം വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: യെല്ലോ ഡസ്റ്റ് കൊറോണ വാഹകരെന്ന് ഉത്തര കൊറിയ; ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം
നിര്‍ഭാഗ്യവശാല്‍, ചില രാജ്യങ്ങളില്‍, മുസ്ലിങ്ങള്‍ക്ക് അവരുടെ പൗരത്വ അവകാശങ്ങളും വസ്ത്രധാരണവും ആരാധനയുമടക്കം അവരുടെ ജനാധിപത്യപരമായ വ്യക്തിഗത സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നു. ഇന്ത്യയില്‍ മുസ്ലിം വിരുദ്ധ നിയമങ്ങളും സിഎഎ, എന്‍ആര്‍സി എന്നിവയും മുസ്ലിങ്ങളെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളും കൊറോണ വൈറസിന്റെ പേരില്‍ മുസ്ലിങ്ങളെ കുറ്റപ്പെടുത്തുന്നതും ഇസ്ലാമോഫോബിയയുടെ പ്രതിഫലനമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.