ജനപ്രിയ നടനെന്ന ഇമേജും അതേസമയം മാസ് ഹീറോ പരിവേഷവും ഒരേസമയം കൈകാര്യം ചെയ്‌ത് ദിലീപ് തന്റെ സ്‌ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്ന മൂവിയാണ് ‘ബാന്ദ്ര’. (Bandra Movie Review Malayalam) മാസ് ആക്ഷന്‍ രംഗങ്ങളും ഇമോഷണൽ അറ്റാക്കും തമന്നയുടെയും ദിലീപിന്റെയും സ്‌റ്റൈലിഷ് & ഗ്ളാമറസ് പ്രകടനവും കൊണ്ട് സമ്പന്നമായ സിനിമ, മാസ് മസാല ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.
ആല എന്ന അലൻ അലക്‌സാണ്ടർ ഡൊമിനിക്ക് ആയെത്തിയ ദിലീപാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. റിലീസ് ദിവസം ആദ്യംഷോ മുതൽ ഒരുവിഭാഗം പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയിൽ പ്രമുഖ ബോളിവുഡ് നടി തമന്നയാണ് നായിക. ഇവർ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങളായ മമ്ത മോഹന്‍ദാസ്, സിദ്ധിഖ്, ലെന, കലാഭവന്‍ ഷാജോണ്‍, ശരത് കുമാര്‍, ഗണേഷ്‌കുമാർ, ബോളിവുഡ് നടന്‍ ഡിനോ മോറിയ എന്നിവരുമുണ്ട്.
ദക്ഷിണേന്ത്യൻ സിനിമയിലെ ഏറെ തിരക്കുള്ള അൻബറിവ് എന്ന ഇരട്ട സംഘട്ടന സംവിധായകന്റെ പകടനമികവ് ‘ബാന്ദ്ര’യിലൂടെ വീണ്ടും പ്രേക്ഷകർ അനുഭവിക്കുന്നുണ്ട്. ദിലീപ് ചെയ്‌ത ആക്ഷന്‍ രംഗങ്ങളും ക്‌ളൈമാക്‌സും അതി ഗംഭീരമായിട്ടുണ്ടെന്നും പത്ത് വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു റോള്‍ ദിലീപ് അവതരിപ്പിക്കുന്നതെന്നും, ദിലീപിന്റെ മേക്കോവർ ഒരുരക്ഷയുമില്ലെന്നും സിനിമകണ്ടിറങ്ങുന്ന പ്രേക്ഷകർ ഒരേ സ്വരത്തില്‍ പറയുന്നു.
പശ്‌ചാത്തല സംഗീതവും സംഭാഷണങ്ങളും സംഘർഷഭരിത മുഹൂർത്തങ്ങളും ബാന്ദ്രയെ സജീവമാക്കി നിർത്തുന്നുണ്ട്. ഈ പീരിയോഡിക് ആക്ഷൻ ചിത്രത്തിന്റെ കഥ നടക്കുന്നത് 1990കളിലാണ്. മുംബൈയാണ് ചിത്രത്തിന്റെ പശ്‌ചാത്തലം. കണ്ണൂരിലെ ഹാർബർ നടത്തിപ്പുകാരനായ ആല എന്ന അലൻ അലക്‌സാണ്ടർ ഡൊമിനിക് എങ്ങനെയാണ്, എന്തിനുവേണ്ടിയാണ് കണ്ണൂരിൽ നിന്ന് മുംബൈയിൽ എത്തുന്നതെന്നാണ് ബാന്ദ്ര പറയുന്നത്.
സ്‌നേഹത്തിന്റെയും വിരഹത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ‘ബാന്ദ്ര’ വലിയ ക്യാൻവാസിലാണ് ഒരുക്കിയിരിക്കുന്നത്. എടുത്തുപറയേണ്ടതാണ് സിനിമയിലെ ആർട്ടും ടെക്‌നിക്കൽ വിഭാഗവും. 90കളെ മനോഹരമായി നിർമിച്ചെടുക്കാൻ ഇവർ നല്ല പരിശ്രമം നടത്തിയത് സിനിമയിൽ വ്യക്‌തമാണ്. പ്രണയവും വിരഹവും പ്രതികാരവും എല്ലാം ഇടകലർന്ന ‘ബാന്ദ്ര’ ആസ്വദന നിലവാരമുള്ള ഒരു ഇമോഷണൽ ചിത്രം തന്നെയാണ്.
സിനിമ തിയേറ്ററിൽ കണ്ട വ്യക്‌തി എന്ന നിലയിൽ ഉറപ്പിച്ചു പറയാം, ദിലീപ് ആരാധകർക്ക് ഒരു മാസ് ട്രീറ്റ് തന്നയാണ് ബാന്ദ്ര. ഒപ്പം, ദിലീപ് തന്നെ പറഞ്ഞ പോലെ ‘പടം കാണാന്‍ പോകുമ്പോള്‍ വൈറ്റ് പേപ്പര്‍ പോലെ മൈന്‍ഡ് എംറ്റി ആയിരിക്കണം’ എന്ന് മാത്രം. ചുരുക്കത്തിൽ, കുടുംബ പ്രേക്ഷകരെയും യുവസമൂഹത്തിനെയും ഒരുപോലെ സ്വാധീനിക്കുന്ന ‘ബാന്ദ്ര’ ടിക്കെറ്റെടുത്ത് തിയേറ്ററിൽ എക്‌സ്‌പീരിയൻസ് ചെയ്യാവുന്ന ഒരു പാന്‍ ഇന്ത്യന്‍ മാസ് മൂവിയാണ്.
MOST READ | നിങ്ങളുടെ ജിമെയിൽ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!