ധാക്ക: സർക്കാരിനെതിരെ പ്രക്ഷോഭം ശക്‌തമായതിനെ തുടർന്ന് രാജിവെച്ചതിന് പിന്നാലെ രാജ്യം വിട്ട ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. ഷെയ്ഖ് ഹസീനയെയും സഹോദരി ഷെയ്ഖ് രഹാനയെയും വഹിച്ചുകൊണ്ടുള്ള ബംഗ്ളാദേശ് വ്യോമസേനയുടെ സി-130 വിമാനം ഗാസിയാബാദിലെ ഹിൻഡൻ വ്യോമത്താവളത്തിലാണ് ഇറങ്ങിയത്.
ഇവിടെ നിന്ന് ഹസീനയുടെ സഹോദരിയും ലണ്ടനിലേക്ക് പോയേക്കുമെന്നാണ് റിപ്പോർട്. അതിനിടെ, ഹസീന രാജിവെച്ചതിന് പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്ത് ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ളാദേശ് ചീഫ് ഓഫ് ആർമി സ്‌റ്റാഫ് വേക്കർ ഉസ് സമാൻ പ്രഖ്യാപിച്ചു. എല്ലാ രാഷ്‌ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തിയാകും സർക്കാർ രൂപീകരണമെന്നും അടിയന്തിര ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായെന്നും സൈനിക മേധാവി അറിയിച്ചു.
പ്രതിസന്ധി പരിഹരിക്കാൻ പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീനുമായി ചർച്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ ധാക്കയിലെ സെൻട്രൽ സ്‌ക്വയറിൽ എത്തിയിരുന്നു. ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരും തമ്മിലുള്ള സംഘർഷത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
സംവരണ വിഷയത്തിൽ ദിവസങ്ങൾക്ക് മുൻപ് നടന്ന സംഘർഷങ്ങളിൽ 200ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. ഇത് കെട്ടടങ്ങിയതിന് പിന്നാലെയാണ് സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്തെ 13 ജില്ലകളിൽ കലാപം വ്യാപിച്ചിട്ടുണ്ട്. പ്രക്ഷോഭം ഉരുക്കുമുഷ്‌ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്ന് പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് അനിശ്‌ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരുന്നു.
Most Read| ‘വയനാട് ഉരുൾപൊട്ടൽ അനധികൃത കൈയ്യേറ്റവും ഖനനവും മൂലം’; വിമർശിച്ച് കേന്ദ്ര വനംമന്ത്രി