ധാക്ക: മുൻ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്ന് റിപ്പോർട്. ബ്രിട്ടനിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നത് വരെ ഹസീന ഇന്ത്യയിൽ തുടരുമെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീനയെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ദിവസം സന്ദർശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ കാബിനറ്റ് സമിതി യോഗവും ചേർന്നിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിർമല സീതാരാമൻ, എസ് ജയശങ്കർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രധാനമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്‌ചയും നടത്തിയിരുന്നു.
രാജിവച്ചതിന് ശേഷം ഷെയ്ഖ് ഹസീനയെയും സഹോദരി ഷെയ്ഖ് രഹാനയെയും വഹിച്ചുകൊണ്ടുള്ള ബംഗ്ളാദേശ് വ്യോമസേനയുടെ സി-130 വിമാനം യുപിയിലെ ഗാസിയാബാദിലെ ഹിൻഡൻ വ്യോമത്താവളത്തിലാണ് ഇറങ്ങിയത്. അതേസമയം, ബംഗ്ളാദേശ് കലാപത്തെ തുടർന്ന് ഇന്ത്യ- ബംഗ്ളാദേശ് അതിർത്തി മേഖലകളിൽ ബിഎസ്എഫ് അതീവ ജാഗ്രതയിലാണ്.
4096 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ളത്. ബിഎസ്എഫ് ഡയറക്‌ടർ ജനറലിന്റെ ചുമതല വഹിക്കുന്ന ദൽജിത്ത് സിങ് ചൗധരിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം അതിർത്തി മേഖലയിൽ നേരിട്ടെത്തി സ്‌ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അതിനിടെ, പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൊള്ളയടിച്ചു. രണ്ടു ദിവസത്തെ ഏറ്റുമുട്ടലുകളിൽ 157 പേരാണ് കൊല്ലപ്പെട്ടത്.
ഷെയ്ഖ് ഹസീന രാജിവെച്ചു രാജ്യം വിട്ടതിന് പിന്നാലെ മണിക്കൂറുകൾക്കകം ബംഗ്ളാദേശ് പാർലമെന്റ് പിരിച്ചുവിട്ടു. 2024 ജനുവരിയിൽ നിലവിൽ വന്ന പാർലമെന്റ് പിരിച്ചുവിടുന്നതായി ബംഗ്ളാദേശ് പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീനാണ് പ്രഖ്യാപിച്ചത്. പിന്നാലെ രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. രാജ്യത്ത് ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ബംഗ്ളാദേശ് ചീഫ് ഓഫ് ആർമി സ്‌റ്റാഫ് വേക്കർ ഉസ് സമാൻ പ്രഖ്യാപിച്ചു.
അതിനിടെ, ഹസീന രാജിവെച്ചു രാജ്യം വിട്ടതോടെ അവരുടെ രാഷ്‌ട്രീയ എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീൻ ഉത്തരവിട്ടു. ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടി നേതാവ് ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചതായി ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 2018ലാണ് ഖാലിദയെ 17 വർഷത്തെ തടവിന് ശിക്ഷിച്ചത്.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!