ന്യൂഡെൽഹി: രാജ്യത്തെ പെൺകുട്ടികൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പാക്കുക ലക്ഷ്യമിട്ട് നടപ്പാക്കിയ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ (ബിബിബിപി) പദ്ധതിക്ക് വേണ്ടി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടിന്റെ 80 ശതമാനവും സംസ്‌ഥാന സർക്കാരുകൾ ചെലവിട്ടത് പരസ്യങ്ങൾക്ക് വേണ്ടിയെന്ന് റിപ്പോർട്. ലോക്‌സഭയിൽ സ്‌ത്രീ ശാക്‌തീകരണത്തിനുള്ള പാർലമെന്ററി സമിതിയുടേതാണ് റിപ്പോർട്.
സ്‌ത്രീകളുടെ വിദ്യാഭ്യാസ ശാക്‌തീകരണത്തിനാണ് 2014 ഒക്‌ടോബറിൽ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി കൊണ്ടുവന്നത്. അഞ്ച് വർഷത്തിനിടെ 848 കോടിയുടെ ബജറ്റ് ഇതിനായി വകയിരുത്തിയപ്പോൾ 156.46 കോടി രൂപ മാത്രമാണ് പദ്ധതിക്കായി ചെലവഴിച്ചത്. 2016നും 2019നും ഇടയിൽ സംസ്‌ഥാനങ്ങൾക്ക് നൽകിയ 446.72 കോടി രൂപയിൽ 78.91 ശതമാനം മാദ്ധ്യമങ്ങളിൽ പരസ്യങ്ങൾക്കായാണ് ചെലവഴിച്ചതെന്ന് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
മഹാരാഷ്‌ട്രയിൽ നിന്നുള്ള ബിജെപി എംപി ഹീന വിജയകുമാർ ഗവിത് ആണ് സമിതിയുടെ അധ്യക്ഷ. പദ്ധതിയുടെ ഫണ്ട് ശരിയായി വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കാൻ വനിതാ ശിശുവികസന മന്ത്രാലയത്തോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മേഖലാതലത്തിലുമുള്ള ഇടപെടലുകൾക്കായി ആസൂത്രിത ചെലവ് വിഹിതത്തിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സമിതി കൂട്ടിച്ചേർത്തു.
പദ്ധതിക്ക് കീഴിലുള്ള മൊത്തം വിനിയോഗവും മോശമായിരുന്നു എന്നാണ് കണ്ടെത്തൽ. 2014- 15ൽ പദ്ധതിയുടെ തുടക്കം മുതൽ 2019-20 വരെ, പദ്ധതിക്ക് കീഴിലുള്ള മൊത്തം ബജറ്റ് വിഹിതം 848 കോടിയാണെന്ന് സമിതി കണ്ടെത്തി. ഈ കാലയളവിൽ സംസ്‌ഥാനങ്ങൾക്ക് 622.48 കോടി രൂപ അനുവദിച്ചു. എന്നാൽ, ഫണ്ടിന്റെ 25.13 ശതമാനം അതായത് 156.46 കോടി രൂപ മാത്രമാണ് സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചെലവഴിച്ചത്.
Also Read: പിജി ഡോക്‌ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരം; വീണ ജോർജ്