ആലുവ: മുട്ടത്തിന് സമീപമുള്ള കെടിഎം ബൈക്ക് ഷോറൂമിൽ നിന്ന് സ്‌പോർട്സ് ബൈക്ക് മോഷ്‌ടിച്ച യുവാക്കളെ പോലീസ് അതിസാഹസികമായി പിടികൂടി. കോഴിക്കോട് സ്വദേശി അമർജിത്ത്, കൊല്ലം സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്. മോഷ്‌ടിച്ച ബൈക്കുമായി റോഡിലൂടെ അഭ്യാസ പ്രകടനം നടത്തി വരുന്നതിനിടെയാണ് ഇവർ പോലീസിന്റെ മുന്നിൽ പെട്ടത്.
കൈകാണിച്ചിട്ടും ബൈക്ക് നിർത്താതെ പോയ യുവാക്കളെ പോലീസ് പിന്തുടരുകയായിരുന്നു. ലോക്ക്‌ഡൗണിന്റെ ഭാഗമായി നടക്കുന്ന വാഹനപരിശോധനാ സംഘത്തിന്റെ മുന്നിലേക്കാണ് മോഷ്‌ടാക്കൾ എത്തിയത്. എംജി റോഡിലൂടെ ചീറിപ്പാഞ്ഞ ഇവർ മംഗളവനത്തിന് സമീപം ബൈക്കുകൾ ഉപേക്ഷിച്ചു. പിന്നാലെയെത്തിയ പോലീസ് മംഗളവനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇരുവരും കുടുങ്ങുകയായിരുന്നു.
ഓഗസ്‌റ്റ് നാലിനാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. പുലർച്ചെ ഷോറൂമിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്‌തതിന് ശേഷമാണ് കവർച്ച നടത്തിയത്. സർവീസ് ചെയ്യാനായി ഷോറൂമിൽ എത്തിച്ച രണ്ട് ലക്ഷം വിലവരുന്ന ഡ്യൂക്ക് ബൈക്കുകളാണ് കവർച്ച ചെയ്യപ്പെട്ടത്. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്‌ടാക്കളെ തിരിച്ചറിഞ്ഞത്. ഇരുവർക്കുമെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.
Also Read: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഭരണ സമിതിക്കെതിരെ പ്രതികൾ രംഗത്ത്