മുസഫര്‍നഗര്‍: കര്‍ഷക പ്രതിഷേധം തകര്‍ക്കാന്‍ ബിജെപി സർക്കാർ കുതന്ത്രങ്ങള്‍ മെനയുന്നുവെന്ന് റിപ്പോർട്. മുസഫര്‍നഗറില്‍ കർഷകരുടെ നേതൃത്വത്തിൽ നടക്കുന്ന മഹാപഞ്ചായത്തിൽ ജനങ്ങൾ എത്താതിരിക്കാനായി കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ചേര്‍ന്ന് ശ്രമങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
യോഗി സര്‍ക്കാര്‍ മുസഫര്‍നഗറിലെ ഇന്റര്‍നെറ്റ് സേവനം പല തവണ തടസപ്പെടുത്തിയെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ആരോപിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ സമ്മേളന സ്ഥലത്തേക്ക് എത്തുന്നത് തടയാനായി ട്രെയിനുകൾ മനഃപൂർവം വൈകിപ്പിച്ചെന്നും കേന്ദ്ര സര്‍ക്കാരാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും കർഷകർ പറയുന്നു.
കൂടാതെ ജില്ലാ ഭരണകൂടം റോഡുകളില്‍ തടസങ്ങൾ സൃഷ്ടിച്ചെന്നും കർഷകർ കുറ്റപ്പെടുത്തി. സമ്മേളനം നടക്കുന്ന പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾ പിൻവലിപ്പിക്കുക എന്നതാണ് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ചേരുന്ന മഹാപഞ്ചായത്തിന്റെ ലക്ഷ്യം. ഒപ്പം ‘മിഷൻ ഉത്തർപ്രദേശ്’ എന്ന രാഷ്ട്രീയ ലക്ഷ്യവും സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബിജെപി വീണ്ടും അധികാരത്തിൽ എത്തുന്നത് തടയുകയാണ് മിഷൻ ഉത്തർപ്രദേശിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓൾ ഇന്ത്യ കിസാൻ സഭ നേതാവ് പി കൃഷ്ണപ്രസാദ് പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഒരു ലക്ഷം കർഷകർ പങ്കെടുക്കും എന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. അതേസമയം കർഷക മഹാപഞ്ചായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. ഈ പോരാട്ടത്തിൽ രാജ്യം മുഴുവൻ കർഷകർക്കൊപ്പം ഉണ്ടെന്ന് പ്രിയങ്ക ട്വീറ്റിൽ പറയുന്നു.
Read also: നിപ്പ; കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്കി തമിഴ്നാട്