ന്യൂഡെൽഹി: സ്‌ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. ഇത് സംബന്ധിച്ച വാർത്തകൾ ഏറെ ചർച്ചയാകാറുണ്ട്. എന്നാൽ, സ്‌ത്രീധന സമ്പ്രദായത്തിന്റെ ഗുണഫലങ്ങൾ വിവരിക്കുന്ന ഒരു പുസ്‌തകത്തിലെ പേജിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടികെ ഇന്ദ്രാണിയുടെ നഴ്‌സുമാർക്കായുള്ള സോഷ്യോളജി പാഠപുസ്‌തകത്തിൽ നിന്നുള്ളതാണെന്ന് വിവാദമായ ഭാഗങ്ങൾ.
‘സ്‌ത്രീധനത്തിന്റെ ഗുണഫലങ്ങൾ’ എന്ന തലക്കെട്ടിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്. നഴ്‌സിങ് വിദ്യാർഥികൾക്കുള്ള സോഷ്യോളജി പുസ്‌തകത്തിലാണ് സ്‌ത്രീധനം സംബന്ധിച്ച പാഠവിഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫർണിച്ചറുകൾ, റഫ്രിജറേറ്ററുകൾ, വാഹനങ്ങൾ തുടങ്ങിയ വീട്ടുപകരണങ്ങൾ ലഭിക്കുന്നതിനും പുതിയ കുടുംബം സ്‌ഥാപിക്കുന്നതിനും സ്‌ത്രീധനം സഹായകമാണ് എന്ന് പുസ്‌തകത്തിൽ നിന്നുള്ള ഭാഗം പറയുന്നു. സ്‌ത്രീധനം വഴി രക്ഷകർത്താക്കളുടെ സ്വത്തിൽ ഒരു വിഹിതം പെൺകുട്ടികളിലേക്ക് എത്തിച്ചേരുന്നെന്നും ഇതിൽ പറയുന്നു. മാതാപിതാക്കൾ അവരുടെ പെൺകുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയതിനു പിന്നിലും സ്‌ത്രീധനമാണെന്നാണ് പരാമർശം. പഠിച്ച കുട്ടികൾക്ക് സ്‌ത്രീധനം കുറച്ച് നൽകിയാൽ മതിയെന്നും സ്‌ത്രീധന സമ്പ്രദായത്തിന്റെ ഒരു പരോക്ഷ നേട്ടമായി ഇതിൽ ചൂണ്ടിക്കാട്ടുന്നു.
പേജിലെ അവസാന ഭാഗം പറയുന്നത് സ്‌ത്രീധന സമ്പ്രദായം കാഴ്‌ചക്ക് ഭംഗിയില്ലാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാൻ സഹായിക്കുമെന്നാണ്. പേജിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പേജിന്റെ ചിത്രം പങ്കിട്ട ശിവസേന നേതാവും രാജ്യസഭാ എംപിയുമായ പ്രിയങ്ക ചതുർവേദി ഇത്തരം പുസ്‌തകങ്ങൾ പ്രചാരത്തിൽ നിന്ന് നീക്കം ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടു. പാഠ്യപദ്ധതിയിൽ ഇത്തരം ഭാഗങ്ങൾ നാണക്കേടാണെന്ന് കൂട്ടിച്ചേർക്കുകയും ചെയ്‌തു.
ഇന്ത്യൻ നഴ്‌സിങ് കൗൺസിലും ഇതിനെതിരെ രംഗത്തെത്തി. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സിലബസ് മാത്രം പിന്തുടരണമെന്ന് വിദ്യാർഥികൾക്ക് കൗൺസിൽ നിർദ്ദേശം നൽകി.
Most Read: 12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ ദിലീപ് നശിപ്പിച്ചു; നിർണായക റിപ്പോർട് പുറത്ത്