ബ്രസീല്‍: വെനെസ്വേലക്കെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ വിജയം നേടി ബ്രസീല്‍. 1–0 എന്ന ഗോള്‍ നിലയിലാണ് വെനെസ്വേലക്കെതിരായ മല്‍സരം ബ്രസീല്‍ സ്വന്തമാക്കിയത്. നെയ്‌മറുടെ അഭാവത്തില്‍ കളിക്കളത്തില്‍ ഇറങ്ങിയ കാനറിപ്പടക്കായി കളിയുടെ 67ആം മിനിറ്റില്‍ ലിവര്‍പൂള്‍ താരം റോബര്‍ട്ടോ ഫെര്‍മിന്യോയാണ് വിജയഗോള്‍ നേടിയത്. ബ്രസീലില്‍ വെച്ചാണ് കളി നടന്നത്.
ജയത്തോടെ ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്നുള്ള ടീമുകളുടെ തലപ്പത്ത് എത്തിയിരിക്കുകയാണ് ബ്രസീല്‍. കൂടാതെ മേഖലയില്‍ നിന്ന് മൂന്നു മല്‍സരങ്ങളും ജയിച്ച് ലോകകപ്പിലേക്ക് പോകുന്ന ഏക ടീം കൂടിയാണ് ബ്രസീല്‍. മൂന്നു മല്‍സരങ്ങളില്‍ നിന്നായി ഒമ്പത് പോയിന്റുകള്‍ നേടിയ ബ്രസീല്‍ ബദ്ധവൈരികളായ അര്‍ജന്റീനയെക്കാള്‍ രണ്ട് പോയിന്റ് മുന്നിലാണ്.
ബ്രസീല്‍ ഇത്തവണ നാല് മാറ്റങ്ങളോടെയാണ് കളിക്കാനിറങ്ങിയത്. നെയ്‌മര്‍, കാസ്‌മിറോ, ഫിലിപ് കൗടീനോ, വെവര്‍ടണ്‍ എന്നിവരെ പുറത്തിരുത്തയപ്പോള്‍ ഗബ്രിയേല്‍ ജീസസ്, അല്ലന്‍, എവര്‍ടണ്‍, എഡേഴ്സണ്‍ എന്നിവര്‍ ടീമിലെത്തി.
അതേസമയം ഗ്രൂപ്പിലെ മറ്റു മല്‍സരങ്ങളില്‍ യുറുഗ്വെ കൊളംബിയക്ക് എതിരെയും ചിലി പെറുവിനെതിരെയും വിജയം കൊയ്‌തു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് കൊളംബിയയെ യുറുഗ്വെ തകര്‍ത്തത്. ലൂയിസ് സുവാരസ്, എഡിന്‍സന്‍ കവാനി, ഡാര്‍വിന്‍ ന്യുനസ് എന്നിവര്‍ യുറുഗ്വെക്കായി ഗോളുകള്‍ നേടി. പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചിലി അടിയറവ് പറയിച്ചത്. ചിലിക്കായി അര്‍ട്ടൂറോ വിദാലാണ് രണ്ട് ഗോളുകളും അടിച്ചെടുത്തത്.
Read Also: യുവേഫ നേഷൻസ് ലീഗിൽ കരുത്തരുടെ പോരാട്ടം; ഫ്രാൻസും പോർച്ചുഗലും നേർക്കുനേർ