ലിസ്ബൺ: യുവേഫ നേഷൻസ് ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ ഫ്രാൻസും പോർച്ചുഗലും ഏറ്റുമുട്ടും. ഇന്ന് രാത്രിയാണ് മൽസരം. യുവേഫ നേഷൻസ് ലീഗിൽ നോക്കൗട്ട് ഘട്ടത്തിലെ സ്‌ഥാനം ലക്ഷ്യമിട്ടാണ് ലോക ചാമ്പ്യൻമാരായ ഫ്രാൻസും യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗലും ഇറങ്ങുന്നത്. ലിസ്ബണിലാണ് മൽസരം നടക്കുന്നത്.
ഗ്രൂപ്പ് സിയിൽ ഫ്രാൻസിനും പോർച്ചുഗലിനും പത്ത് പോയിന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ പോർച്ചുഗലാണ് ഒന്നാമത്. സന്നാഹമത്സരത്തിൽ പോർച്ചുഗൽ അൻഡോറക്കെതിരെ ഗോൾ മഴ തീർത്തപ്പോൾ ഫ്രാൻസ് ഫിൻലൻഡിനോട് തോറ്റു.
സൂപ്പർ താരം റൊണാൾഡോയും യാവോ ഫെലിക്‌സും പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ തിരിച്ചെത്തും. എന്നാൽ പ്രമുഖ താരങ്ങളുടെ പരിക്കാണ് ഫ്രാൻസിനെ അലട്ടുന്നത്.
കിലിയൻ എംബാപ്പേയും ബെഞ്ചമിൻ പവാദും ലൂക്കാസ് ഹെർണാണ്ടസും കളിക്കുമോയെന്ന് തീരുമാനമായിട്ടില്ല. കഴിഞ്ഞമാസം ഇരുടീമുകളും പാരീസിൽ ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.
Read Also: സൂരറൈ പോട്രിന് അഭിനന്ദനവുമായി ക്യാപ്റ്റൻ ജിആർ ഗോപിനാഥ്