മികച്ചൊരു ചലച്ചിത്ര ആവിഷ്‌കാരമാണ് സൂരറൈ പോട്രെന്ന് എയർ ഡെക്കാൻ സ്‌ഥാപകനായ ക്യാപ്റ്റൻ ജിആർ ഗോപിനാഥ്. സിനിമ കാണുന്നതിന് ഇടയിൽ പണ്ട് കുടുംബത്തിൽ നടന്ന കാര്യങ്ങൾ ഓർത്ത് ഏറെ ചിരിക്കുകയും കരയുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. ക്യാപ്റ്റൻ ജിആർ ഗോപിനാഥിന്റെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, അദ്ദേഹത്തിന്റെ ‘സിംപ്ളി ഫ്‌ളൈ‘ എന്ന പുസ്‌തകം അടിസ്‌ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.
സംവിധായിക സുധ കൊങ്ങര, സൂര്യ, അപർണ ബാലമുരളി എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. സാധാരണ പുരുഷ കഥാപത്രങ്ങൾക്ക് മാത്രം മേൽക്കോയ്‌മ നൽകുന്ന തമിഴ് സിനിമകളിൽ നിന്ന് മാറി സ്‌ത്രീ കഥാപാത്രത്തിനും തുല്യ പ്രാധാന്യമാണ് സുധ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ ഭ്രാന്തമായി പരിശ്രമിക്കുന്ന ഒരു സാധാരണക്കാരന്റെ ജീവിതം സൂര്യ മികച്ച രീതിയിൽ അവതരിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപർണ ബലമുരളിയുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.
സൂര്യയും ഗുണീത് മൊൻകയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ജിവി പ്രകാശ് കുമാറാണ് സംഗീതം. ഡോ. മോഹൻ ബാബു, പരേഷ് റാവൽ, ഉർവശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്‌ണ കുമാർ, കാളി വെങ്കട്ട് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
റിലീസ് ചെയ്‌ത് ആദ്യ ദിവസം തന്നെ 5.5 കോടിയോളം പേർ ചിത്രം ആമസോൺ പ്രൈമിലൂടെ കണ്ടെന്നാണ് സൂചനകൾ. ഒരു ദക്ഷിണേന്ത്യൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഇനിഷ്യലാണിത്.
കർണാടകയിലെ ഗോരൂർ ഗ്രാമത്തിൽ ജനിച്ച ക്യാപ്റ്റൻ ജിആർ ഗോപിനാഥ് തന്റെ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം സൈനിക സ്‌കൂൾ പ്രവേശനം നേടുകയായിരുന്നു. തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി ഏഴ് വർഷത്തോളം പ്രവർത്തിച്ച അദ്ദേഹം തന്റെ 28ആം വയസിൽ റിട്ടയർ ചെയ്‌തു.
പിന്നീട് സാധാരണക്കാർക്ക് കൂടി യാത്ര ചെയ്യാൻ കഴിയുന്ന ലോ കോസ്‌റ്റ് ഏവിയേഷന്റെ സാധ്യതകൾ തേടിയ അദ്ദേഹം 2003ലാണ് എയർ ഡെക്കാൻ എന്ന ലോ കോസ്‌റ്റ് എയർലൈൻസ് ആരംഭിച്ചത്.
Read Also: ‘പ്രോജക്‌ട് ക്രോണോസ്’; ടൈം ട്രാവല്‍ കഥ പറഞ്ഞ് വ്യത്യസ്‌ത ഹ്രസ്വചിത്രം