ന്യൂഡെൽഹി: രൂക്ഷ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ പുതിയ കാർഷിക നിയമങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ പുനർവിചിന്തനം നടത്തണമെന്ന് ബിഎസ്‌പി നേതാവ് മായാവതി. കാർഷിക നിയമങ്ങൾക്കെതിരെ ഡെൽഹിയിൽ കർഷക പ്രതിഷേധങ്ങൾ ശക്‌തി ആർജ്‌ജിക്കുന്നതിനിടെ പ്രതികരിക്കുകയായിരുന്നു അവർ.
കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ രാജ്യത്തെ കർഷകർ പ്രകോപിതരാണ്. പ്രതിഷേധം കണക്കിലെടുക്കുമ്പോൾ, കർഷകരുടെ സമ്മതമില്ലാതെ നടപ്പിലാക്കിയ നിയമ നിർമാണത്തിൽ പുനർവിചിന്തനം നടത്തുന്നത് നന്നായിരിക്കും, മായാവതി പ്രതികരിച്ചു.
പുതിയ നിയമങ്ങൾ കർഷക വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കർഷകർ രാജ്യ തലസ്‌ഥാനത്ത് നടത്തുന്ന പ്രതിഷേധ സമരങ്ങൾ നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതിനിടെ കർഷക നേതാക്കളുമായി കേന്ദ്ര സർക്കാർ ഡിസംബർ 3ന് കൂടിക്കാഴ്‌ച നടത്തുമെന്നാണ് സൂചന. മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ശബ്‌ദമുയർത്തിയും കർഷകർക്ക് പിന്തുണ അറിയിച്ചും നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. പരിഷ്‌കാരങ്ങൾ കർഷകരുമായി ചർച്ച ചെയ്യേണ്ടത് ആവശ്യമാണെന്നാണ് വിവിധ നേതാക്കളുടെ അഭിപ്രായം.
കാർഷിക നിയമങ്ങൾ കൊണ്ടുവരുന്നതിന് മുൻപ് മോദിജി കർഷകരുമായി കൂടിയാലോചിച്ചിരുന്നു എങ്കിൽ, എന്തുകൊണ്ട് ഇത്തരമൊരു സാഹചര്യം ഉടലെടുത്തു? മോദിജി തീർച്ചയായും കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണം. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് കർഷകരുമായി ചർച്ച നടത്തുകയും പാർലമെന്ററി കമ്മിറ്റിയിൽ വിഷയം ചർച്ചക്ക് വിടുകയും വേണം, കോൺഗ്രസ് പാർട്ടി നേതാവ് ദിഗ്‌വിജയ് സിംഗ് അഭിപ്രായപ്പെട്ടു.
Read also: കേന്ദ്രത്തിന് കര്‍ഷകര്‍ തീവ്രവാദികളെന്ന പോലെ; സഞ്‌ജയ് റാവത്ത്