മലപ്പുറം: ജില്ലയിലെ അപ്രതീക്ഷിത സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് ജനം. മഞ്ചേരി-കോഴിക്കോട് റൂട്ടിലെ ഒരു വിഭാഗം ബസ് ജീവനക്കാരാണ് ഇന്ന് രാവിലെ മുതൽ പണിമുടക്ക് ആരംഭിച്ചത്. മഞ്ചേരിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾ ഓടിയില്ല. ഇതോടെ നൂറുകണക്കിന് പിഎസ്‌സി ഉദ്യോഗാർഥികൾ അടക്കമുള്ളവർ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഇന്ന് നടക്കുന്ന എൽജിഎസ് പ്രധാന പരീക്ഷയ്‌ക്ക് നിരവധി ഉദ്യോഗാർഥികൾക്കാണ് മഞ്ചേരിയുടെ സമീപ പ്രദേശങ്ങളിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. കെഎസ്ആർടിസി ബസുകൾ കുറവുള്ള റൂട്ടായതിനാൽ ഉദ്യോഗാർഥികളിൽ പലരും രാവിലെ തന്നെ മഞ്ചേരി സ്‌റ്റാൻഡിൽ എത്തിയിരുന്നു. എന്നാൽ, സ്‌റ്റാൻഡിൽ എത്തിയപ്പോഴാണ് പലരും പണിമുടക്ക് ആണെന്ന് അറിയുന്നത്. തുടർന്ന് ടാക്‌സി വാഹനങ്ങൾ വിളിച്ചാണ് പലരും കൃത്യ സമയത്ത് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിയത്.
കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാരെ ഒരു സംഘം ആളുകൾ കഴിഞ്ഞ ദിവസം രാത്രി ആക്രമിച്ചതിന്റെ പശ്‌ചാത്തലത്തിലാണ് മിന്നൽ പണിമുടക്ക്. സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് ബസ് ജീവനക്കാർ ആരോപിക്കുന്നു. റൂട്ടിൽ ഓടുന്ന ഭൂരിഭാഗം ബസുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
Most Read: സ്വപ്‌നയുടെ കരുതൽ തടങ്കൽ; ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം