കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. കാവ്യ മാധവനെയും, സിനിമാ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെയും ഉടൻ ചോദ്യം ചെയ്തേക്കും. നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി ഹൈക്കോടതി അനുവദിക്കുമ്പോൾ കേസിൽ ക്രൈം ബ്രാഞ്ചിന്റെ മുന്നിലുള്ളത് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തന്നെയാണ്.
നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ, ദിലീപിന്റെ സഹോദരൻ, സിനിമ മേഖലയിലെ സുഹൃത്തുക്കൾ എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. കേസിൽ ദിലീപിന്റെ പങ്ക് ചോദ്യം ചെയ്യപ്പെടാൻ കഴിയാത്ത രീതിയിൽ ഉറപ്പിക്കാൻ കഴിയുന്ന തെളിവുകൾ കണ്ടെത്തുകയെന്നത് അന്വേഷണ സംഘത്തിന് മുന്നിലുള്ള ശ്രമകരമായ ദൗത്യമാണ്. ഒന്നരമാസത്തിനുള്ളിൽ 30 ശതമാനത്തോളം വരുന്ന ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് തീർക്കേണ്ടതുമുണ്ട്.
തുടരന്വേഷണത്തിലെ പ്രധാന തെളിവായ ബാലചന്ദ്രകുമാർ സമർപ്പിച്ച പെൻഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം കേസിൽ ഏറെ നിർണായകമാണ്. കേസ് അന്വേഷണത്തിന് സമയം വീണ്ടും നീട്ടി കിട്ടുമ്പോൾ ക്രൈം ബ്രാഞ്ചിന് തെല്ലൊരു ആശ്വാസമാണ്. എന്നാൽ അന്വേഷണം നീട്ടിക്കൊണ്ട് പോകുന്നത് ദിലീപിനും കൂട്ടർക്കും വലിയ തിരിച്ചടിയാണ്.
Read Also: കോവിഡ് വ്യാപനം; ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ