മതവികാരം വ്രണപ്പെടുത്തിയ കേസ്; മുനവർ ഫാറൂഖി ജയിൽ മോചിതനായി

By News Desk, Malabar News
Munawar Faruqui
Ajwa Travels

ഇൻഡോർ: സ്‌റ്റാൻഡ്‌ അപ് ഹാസ്യതാരം മുനവർ ഫാറൂഖിയെ മധ്യപ്രദേശിലെ ജയിലിൽ നിന്ന് വിട്ടയച്ചു. ഹിന്ദു ദൈവങ്ങളെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കുറിച്ച് ‘നീചമായ’ തമാശകൾ സൃഷ്‌ടിച്ചു എന്ന് ആരോപിച്ച് ഒരു മാസത്തിലേറെയായി തടവിലായിരുന്നു ഇദ്ദേഹം. ശനിയാഴ്‌ച രാത്രി 11 മണിയോടെയാണ് മുനവർ ജയിൽ മോചിതനായത്.

വെള്ളിയാഴ്‌ച സുപ്രീം കോടതി മുനവ്വറിന് ജാമ്യം നൽകിയിരുന്നു. എന്നാൽ, ഉത്തരവിന്റെ സർട്ടിഫൈഡ് പകർപ്പ് ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ഇൻഡോർ ജയിലിലെ അധികൃതർ ജയിൽ മോചനം വൈകിപ്പിക്കുകയായിരുന്നു. തുടർന്ന്, സുപ്രീം കോടതിയിലെ മുതിർന്ന ജഡ്‌ജി ഇൻഡോറിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിനെ ബന്ധപ്പെട്ട ശേഷമാണ് മുനവ്വറിന് മോചനം ലഭിച്ചത്.

‘നീതിയിൽ പൂർണ വിശ്വാസമുണ്ട്. ഈ ഘട്ടത്തിൽ എന്തെങ്കിലും അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല’- അർധരാത്രി ജയിൽമോചിതനായതിന് പിന്നാലെ മുനവർ പ്രതികരിച്ചു. ശേഷം അദ്ദേഹം മുംബൈയിലേക്ക് മടങ്ങി.

ഹിന്ദു ദൈവങ്ങളെ അപകീർത്തിപ്പെടുത്തി മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎയുടെ മകൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ ജനുവരി 1നാണ് മുനവ്വറിനെ ഇൻഡോർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഒരു പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കെ സ്‌റ്റേജിൽ നിന്ന് തന്നെയാണ് മുനവ്വറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

എന്നാൽ, സംഘാടകർ വിളിച്ചിട്ടാണ് പരിപാടി അവതരിപ്പിക്കാൻ പോയതെന്നും മതത്തെ അപകീർത്തിപ്പെടുത്തുന്ന തമാശകളൊന്നും താൻ പറഞ്ഞിട്ടില്ലെന്നും മുനവർ ഫാറൂഖി വാദിച്ചു. അതേസമയം, മുനവ്വറിനെ അറസ്‌റ്റ് ചെയ്‌തപ്പോൾ പോലീസ് നടപടിക്രമങ്ങൾ പാലിച്ചിരുന്നില്ലെന്നും ബിജെപി എംഎൽഎയുടെ മകന്റെ പരാതിയിൽ അവ്യക്‌തത ഉണ്ടെന്നും സുപ്രീം കോടതി അറിയിച്ചു.

മുനവ്വറിന് ജാമ്യം നിഷേധിച്ചതിനെതിരെ നിരവധി പ്രതിഷേധം ഉയർന്നിരുന്നു. മധ്യപ്രദേശ് പോലീസിന്റെ നടപടിയെ ചോദ്യം ചോദ്യം ചെയ്‌ത്‌ കോൺഗ്രസിന്റെ പി ചിദംബരം ട്വീറ്റ് ചെയ്‌തു. ‘ജാമ്യം അനുവദിച്ചാൽ അതിനർഥം അയാൾ നിരപരാധിയാണെന്ന് അല്ല. മധ്യപ്രദേശ് പോലീസ് ഒരു തെറ്റും ചെയ്‌തിട്ടില്ല. എന്തുകൊണ്ടാണ് ഹിന്ദു ദൈവങ്ങളെ കളിയാക്കാൻ എല്ലാവരെയും അനുവദിക്കുന്നത്?’ ചിദംബരത്തിന് മറുപടിയായി മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് ട്വിറ്ററിൽ കുറിച്ചു.

മുൻപ് മൂന്ന് തവണ ജാമ്യം നിഷേധിക്കപ്പെട്ട മുനവർ ഫാറൂഖി ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ജയിൽ മോചിതനായത്. .

Also Read: സിആർപിഎഫ് കോബ്രയുടെ ഭാഗമായി വനിതകളും; ലോകത്താദ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE