പാലക്കാട്: പച്ചക്കറി ഏജന്റിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്ന് പേർ പിടിയിൽ. കൊഴിഞ്ഞാമ്പറ്റ സ്വദേശികളായ സുജിത്, രോഹിത്, അരുൺ എന്നിവരെയാണ് കോട്ടായി പോലീസ് അറസ്‌റ്റ് ചെയ്‌തത്. തിങ്കളാഴ്‌ച രാത്രി എട്ട് മണിയോടെ മാത്തൂരിലായിരുന്നു സംഭവം. 11 ലക്ഷം രൂപയായിരുന്നു പ്രതികൾ തട്ടിയെടുത്തത്.
തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറികൾ പാലക്കാട് ജില്ലയിലെ കടകളിൽ എത്തിച്ച് കൊടുത്തതിന്റെ പണം കൈപ്പറ്റാൻ എത്തിയ ഏജന്റിനെയാണ് പ്രതികൾ കൊള്ളയടിച്ചത്. ഏജന്റായ അരുൺ, ഡ്രൈവർ സുജിത്ത് എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. മാത്തൂരിൽ വെച്ച് രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ഡ്രൈവറായ സുജിത്തിന്റെ കഴുത്തിൽ കത്തിവെച്ച് ഏജന്റായ അരുണിനോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇത്തരത്തിൽ 11 ലക്ഷം രൂപയാണ് ഇവർ കവർന്നത്.
എന്നാൽ, കോട്ടായി സിഐ ഷൈനിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ ചുരുളഴിയുന്നത്. ഡ്രൈവറായ സുജിത്താണ് ഈ പണം തട്ടലിന് പിന്നിലെ മുഖ്യസൂത്രധാരൻ എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സുജിത്തും കൂട്ടുകാരും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്‌തത്. പ്രതികളിൽ നിന്ന് അഞ്ചുലക്ഷം രൂപ കണ്ടെത്തിട്ടുണ്ട്. കൃത്യത്തിൽ പങ്കെടുത്ത രണ്ട് പേർ ജില്ല വിട്ടെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Most Read: മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ നേരിയ കുറവ്