കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച ആൾക്കെതിരെ പോലീസ് കേസെടുത്തു. പേരാമ്പ്ര സ്വദേശി അജ്നാസിന് എതിരെയാണ് കേസ് എടുത്തത്. ബിജെപി ജില്ലാ പ്രസിഡണ്ട് വികെ സജീവന്റെ പരാതിയിലാണ് നടപടി.
ബാലികാ ദിനത്തിൽ എന്റെ മകൾ, എന്റെ അഭിമാനം എന്ന അടിക്കുറുപ്പോടെ കെ സുരേന്ദ്രൻ പങ്കുവെച്ച ചിത്രത്തിന് താഴെ അധിക്ഷേപ കമന്റിട്ടതിനാണ് പരാതി നൽകിയത്. മകളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു കമന്റ്. ഇതിനെ തുടർന്ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു. ഇത്തരം സമൂഹ വിരുദ്ധർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് പരാതി ലഭിച്ചതെന്ന് പോലീസ് അറിയിച്ചു.
അതേസമയം, സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ചതിന് പോലീസ് കേസെടുക്കാൻ വൈകുന്നതിന് എതിരെ ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. ബിജെപി പ്രവർത്തകർക്ക് എതിരെ വംശഹത്യ നടക്കുമ്പോൾ നടപടി എടുക്കാൻ പോലീസിന് മടിയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തിയിരുന്നു.
Read also: വിമാനത്താവള വികസനം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി