സ്‌ത്രീകളും പുരുഷൻമാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് താരൻ. ഈ പ്രശ്‌നത്തിന് ഒരുത്തമ പ്രതിവിധിയാണ് ‘ആവണക്കെണ്ണ’ എന്നറിയാമോ?
താരൻ അകറ്റാൻ വർഷങ്ങളായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ആവണക്കെണ്ണ. താരന്‍ അകറ്റുന്നതിനൊപ്പം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആവണക്കെണ്ണ സഹായിക്കുന്നു. ഇതിനായി ആവണക്കെണ്ണ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം:
- ആവണക്കെണ്ണ, കറ്റാർവാഴ ജെൽ, ടീ ട്രീ ഓയിൽ
താരൻ അകറ്റാനും ശിരോചർമത്തിലെ ചൊറിച്ചിലും മറ്റു അസ്വസ്‌ഥതകളും ഇല്ലാതാക്കാനും ഇവ സഹായിക്കും.
ഉപയോഗക്രമം: ഒന്നര ടേബിൾ സ്‌പൂൺ ആവണക്കെണ്ണ, മൂന്ന് ടേബിൾ സ്‌പൂൺ കറ്റാർവാഴ ജെൽ, മൂന്ന് തുള്ളി ടീ ട്രീ ഓയിൽ എന്നിവ മിക്‌സ് ചെയ്‌തശേഷം ശിരോചർമത്തിലും മുടിയിലും തേച്ചു പിടിപ്പിക്കുക. 45 മിനിറ്റിനുശേഷം ഏതെങ്കിലും പ്രകൃതിദത്ത ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.
- ആവണക്കെണ്ണ, റോസ്‌മേരി ഓയിൽ, ആൽമണ്ട് ഓയിൽ
ഇവ ശിരോചർമത്തിന്റെ വരൾച്ച തടയുന്നു. ഫംഗസിന്റെ പ്രവർത്തനങ്ങളെ പ്രതിരോധിക്കുകയും താരൻ അകറ്റുകയും ചെയ്യുന്നു.
ഉപയോഗക്രമം: ഒരു ടേബിൾ സ്‌പൂൺ ആവണക്കെണ്ണ, ഒരു ടേബിൾ സ്‌പൂൺ ആൽമണ്ട് ഓയിൽ എന്നിവ ഒരു പാത്രത്തിലെടുത്ത് കുറച്ചുസമയം ചൂടാക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ തുള്ളി റോസ്‌മേരി ഓയിൽ മിക്‌സ് ചെയ്യണം. രാത്രി തലയിൽ തേച്ചുപിടിപ്പിച്ച ശേഷം രാവിലെ കഴുകിക്കളയാം. ആഴചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്യാം.
- ആവണക്കെണ്ണ, വെളിച്ചെണ്ണ, മുട്ട
ഇവ താരൻ അകറ്റാനും മുടിക്ക് തിളക്കവും മൃദുത്വവും ലഭിക്കാനും സഹായിക്കുന്നു.
ഉപയോഗക്രമം: മുട്ടയുടെ വെള്ളയില്‍ കാസ്‌റ്റർ ഓയിലും വെളിച്ചെണ്ണയും ചേർത്ത് നന്നായി അടിച്ചെടുക്കുക. മുടിയിൽ പുരട്ടിയ ശേഷം 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകാം.
- ആവണക്കെണ്ണ, അർഗൻ ഓയിൽ
താരൻ അകറ്റാനും മുടിയുടെ മൃദുത്വം വീണ്ടെടുക്കാനും സഹായിക്കുന്നു.
ഉപയോഗക്രമം: രണ്ട് ടേബിൾ സ്‌പൂൺ ആവണക്കെണ്ണയിൽ ഒരു ടേബിൾ സ്‌പൂൺ അർഗൻ ഓയിൽ ചേർക്കുക. രാത്രി കിടക്കുന്നതിനു മുമ്പ് ചൂടാക്കിയശേഷം തലയിൽ പുരട്ടാം. രാവിലെ ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്‌ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യണം.
Most Read: ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി; പുതിയ ‘അറിയിപ്പു’മായി ചാക്കോച്ചൻ