കാത്തലിക് സിറിയൻ ബാങ്ക് പ്രതിസന്ധി; സെപ്റ്റംബർ 29 മുതൽ ത്രിദിന അഖിലേന്ത്യാ പണിമുടക്ക്

By Staff Reporter, Malabar News
Catholic Syrian Bank-Three-day all-India strike
Representational Image
Ajwa Travels

കോഴിക്കോട്: കേരളം ആസ്‌ഥാനമായ കാത്തലിക് സിറിയൻ ബാങ്കിലെ ജീവനക്കാരും ഓഫിസർമാരും മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്, ബാങ്കിംഗ് രംഗത്തെ വിവിധ സംഘടനകൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ച ത്രിദിന പണിമുടക്ക് 2021 സെപ്റ്റംബർ 29, 30, ഒക്‌ടോബർ 01 എന്നീ തീയതികളിൽ നടക്കും.

കേരളം ആസ്‌ഥാനമായി 100 വർഷം മുൻപ് ആരംഭിച്ച ബാങ്ക്, കേരളത്തിൽ നിന്നും നിക്ഷേപം സ്വീകരിച്ച്, കേരള ജനതക്ക് കൃഷി ഉൾപ്പടെയുള്ള ചെറുകിട-വ്യാവസായിക ആവശ്യങ്ങൾക്കുള്ള അടിസ്‌ഥാന വായ്‌പകൾ പോലും നൽകാത്ത അവസ്‌ഥയിലാണ്‌. മറിച്ച് കേരളത്തിന് പുറത്ത് മുംബൈ പോലുള്ള പട്ടണങ്ങളിൽ കോടിക്കണക്കിന് രൂപയുടെ വായ്‌പകളാണ് നൽകി വരുന്നത്. സംസ്‌ഥാന വികസനത്തിന് ഊന്നൽ നൽകേണ്ട ബാങ്ക് അതിന് മുതിരുന്നില്ല എന്നതുൾപ്പടെയുള്ള അതീവ ഗുരുതര ആരോപണങ്ങളാണ് ബാങ്കിനെതിരെ സംഘടനകൾ ഉന്നയിക്കുന്നത്.

ബാങ്കിന്റെ ഏറ്റവും മുകൾ തട്ടിലുള്ള 14 പേരുടെ വാർഷിക ശമ്പളം 15 കോടി രൂപയിലധികമാണ്. കേരളത്തിലെ മാനേജിംഗ് ഡയറക്‌ടറുടെ മാസശമ്പളം 20 ലക്ഷം രൂപയാണ്. ഇത് ഇന്ത്യൻ പ്രസിഡണ്ടിന്റെ ശമ്പളത്തേക്കാൾ, റിസർ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറുടെ ശമ്പളത്തേക്കാൾ, സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ ശമ്പളത്തേക്കാൾ കൂടുതലാണ്. ഇത്തരം ദുർചിലവുകൾക്ക് വേണ്ടി പൊതുജനങ്ങളെ ബാങ്ക് വിവിധ വഴിയിൽ ചൂഷണം ചെയ്യുകയാണ്; സമര സംഘാടകർ വ്യക്‌തമാക്കി.

വ്യവസായതല പതിനൊന്നാം ഉഭയകക്ഷി സേവന വേതന കരാർ കാത്തലിക് സിറിയൻ ബാങ്കിൽ നടപ്പിലാക്കുക, ജനവിരുദ്ധ-തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കുക, ജീവനക്കാർക്ക് നേരെയുള്ള അന്യായമായ ശിക്ഷാ നടപടികളും പ്രതികാര നടപടികളും പിൻവലിക്കുക, ബാങ്കിന്റെ ജനകീയ സ്വഭാവം നിലനിർത്തുക എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങളും സമരം പ്രഖ്യാപിച്ച സംഘടനകൾ ഉന്നയിക്കുന്നുണ്ട്.

കോഴിക്കോട് സിറ്റി

ഓൾ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ്‌ കോൺഫെഡറേഷൻ (AIBOC), ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(BEFI), ഓൾ ഇന്ത്യാ ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ(AIBEA), ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ(INBEF) ഉൾപ്പടെയുള്ള സംഘടനകൾ സംയുക്‌തമായി നയിക്കുന്ന സമരത്തിന് ബാങ്ക് രംഗത്തെ വിവിധ സംഘടനകളുടെ ഏകോപിത രൂപമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ നയങ്ങളുടെ ഭാഗമായി വിദേശ മൂലധന ശക്‌തികളുടെ കൈകളിലേക്ക് എത്തപ്പെട്ട ബാങ്കിന്റെ അധികാരഘടനയാണ് കേരളീയർക്കും സാധാരണക്കാർക്കും ഗുണകരമല്ലാത്ത രീതിയിലേക്ക് ബാങ്ക് എത്തപ്പെടാനുള്ള പ്രധാന കാരണം. വിവിധ ബാങ്കുകളിൽ നിന്നും കാലാവധി കഴിഞ്ഞു വിരമിച്ച് വന്നവരാണ് കാത്തലിക് സിറിയൻ ബാങ്കിന്റെ ഉന്നതങ്ങളിൽ ഉള്ളത്. ഇത് യുവജനങ്ങളോട് ചെയ്യുന്ന കടുത്ത വെല്ലുവിളിയാണ്; സമരരംഗത്തുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി.

കണ്ണൂർ

വർഷങ്ങളായി കാത്തലിക് സിറിയൻ ബാങ്കിൽ ജോലിയെടുക്കുന്ന സ്‌ഥിരം ജീവനക്കാർക്ക് അർഹമായ ആനുകൂല്യം നൽകാതെയും അവർക്കെതിരെ വിവിധ തരത്തിലുള്ള ശിക്ഷാ നടപടികൾ സ്വീകരിച്ച് കൊണ്ടുമാണ് ബാങ്ക് മുന്നോട്ടു പോകുന്നത്.

അലവൻസുകൾ കൂടാതെ, ബാങ്കിന്റെ എംഡിയുടെ മാസശമ്പളം 20 ലക്ഷവും, മുകൾ തട്ടിലുള്ള 14 പേരുടെ വാർഷിക ശമ്പളം 15 കോടിയും ആകുമ്പോൾ ഇതേ ബാങ്കിലെ കരാർ അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന സബ് സ്‌റ്റാഫ്‌ കാറ്റഗറിയിൽ ഉൾപ്പെട്ടവരുടെ ശമ്പളം വെറും 6000 രൂപയാണ് എന്നത് മനുഷ്യത്വ വിരുദ്ധമായ നീതിയാണ്; പണിമുടക്ക് സംഘാടകർ വ്യക്‌തമാക്കി.

തളിപ്പറമ്പ

ബാങ്കിലെ രണ്ടായിരത്തിനടുത്ത് വരുന്ന സ്‌ഥിരം ജീവനക്കാർക്ക് പുതുക്കിയ ശമ്പളം കൊടുക്കണമെങ്കിൽ വെറും 17 കോടി രൂപയിൽ താഴെ മാത്രമേ വേണ്ടി വരുന്നുള്ളൂ എന്നിരിക്കെ സ്‌ഥിരം ജീവനക്കാരെ ബാങ്കിൽനിന്നും ഇല്ലായ്‌മ ചെയ്യാൻ വേണ്ടിയാണ് മാനേജ്മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്‌മ രൂക്ഷമായ ഈ കാലഘട്ടത്തിൽ ഉയർന്ന വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെ 15,000 രൂപ മുതൽ 25000 രൂപ വരെ കൊടുത്തു ബാങ്കിൽ, ഓഫിസർമാരുടെ ജോലി ഏൽപിക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നത്.

തിരുവനന്തപുരം

ഇത്തരത്തിൽ ജോലിക്ക് കയറുന്ന ജീവനക്കാർക്ക് അവർ ഒപ്പിട്ടുനൽകുന്ന കരാർ അനുസരിച്ച് നീതിക്കും മനുഷ്യത്വത്തിനും വേണ്ടിയോ അന്യായങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയോ സമരരംഗത്ത് ഇറങ്ങാനോ തൊഴിൽ യൂണിയനുകളിൽ ചേരാനോ സാധിക്കില്ല. പ്രാചീന കാലത്തെ ഉടമ-അടിമ അവസ്‌ഥയുടെ ആധുനിക രൂപമാണ് ബാങ്ക് നടപ്പിലാക്കി വരുന്നത്.

വിദേശ മൂലധനത്തിന്റെ കടന്നു വരവോടുകൂടി ഇടപാടുകാരെയും വേർതിരിച്ചു കാണുകയാണ് ബാങ്ക്. മുകൾത്തട്ടിലുള്ള നിക്ഷേപകർക്കും വൻകിട വായ്‌പാ ആവശ്യക്കാർക്കും വേണ്ടി പ്രവർത്തിക്കുന്ന ബാങ്ക്, സാധാരണക്കാരായ ഇടപാടുകാരെ ബാങ്കിൽ നിന്നും അകറ്റിനിർത്തുകയും വിവിധ തരത്തിലുള്ള സർവീസ് ചാർജുകൾ ഈടാക്കി ഇവരെ ചൂഷണം ചെയ്യുകയുമാണ്; സമര സംഘാടകർ വ്യക്‌തമാക്കി.

തൃശൂർ

കടുത്ത മനുഷ്യാവകാശ/ ഉപഭോക്‌തൃ അവകാശ വിരുദ്ധതക്കും, സാധാരണ ജനതയുടെ ബാങ്കിംഗ് അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ ചൂഷണത്തിനെ പ്രതിരോധിക്കാനുമാണ് ഞങ്ങളുടെ ത്രിദിന അഖിലേന്ത്യാ പണിമുടക്ക്. പൊതുജനങ്ങളുടെയും മാദ്ധ്യമങ്ങളുടെയും മറ്റു രാഷ്‌ട്രീയ കക്ഷികളുടെയും സഹകരണം സമരത്തിനുണ്ടാകണം; സമരരംഗത്തുള്ള വിവിധ സംഘടനാ പ്രതിനിധികൾ അഭ്യർഥിച്ചു.

Most Read: ഓൺലൈൻ ഗെയിമിന് അടിമപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE