ക്രമം തെറ്റുന്ന ആർത്തവം; കാരണങ്ങളും പരിഹാരങ്ങളും

By Desk Reporter, Malabar News
Health news_2020 Aug 12
Representational Image
Ajwa Travels

കൃത്യമായ ആർത്തവം ഓരോ സ്ത്രീയുടെ ജീവിതകാലഘട്ടത്തിലും അനിവാര്യമായ ഒന്നാണ്. ജൈവശാസ്ത്രപരമായി ഒരുവളെ സ്ത്രീയാക്കുന്നതും ആർത്തവമാണ്. ഒപ്പം തന്നെ കൃത്യമായി ആർത്തവം ഉണ്ടാകാത്തത് സ്ത്രീകളിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. ശാരീരികമായും മാനസികമായും സ്ത്രീകൾ ആരോഗ്യരായിരിക്കാൻ കൃത്യമായ ആർത്തവ ക്രമം അനിവാര്യമാണ്.

ഗർഭാശയത്തിന്റെ ആന്തരികസ്തരമായ എന്റോമെട്രിയം രക്തവുമായി കലർന്ന് യോനിയിലൂടെ പുറന്തള്ളുന്നതാണ് ആർത്തവം. മാസത്തിൽ നാല്‌ മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിലാണ് ഓരോ സ്ത്രീയിലും ആർത്തവം നടക്കുന്നത്. ആദ്യ ആർത്തവത്തിന് ശേഷം ഓരോ 28 ദിവസം കൂടുമ്പോഴും ആർത്തവം ആവർത്തിക്കും. ഇതിനെ ആർത്തവ ചക്രം എന്നാണ് അറിയപ്പെടുന്നത്. എന്നാൽ 35 ദിവസങ്ങൾക്ക് ശേഷവും ആർത്തവം ആവർത്തിക്കുന്നില്ലെങ്കിൽ അത് ക്രമം തെറ്റിയ ആർത്തവമായി കണക്കാക്കാം. ക്രമമല്ലാത്ത ആർത്തവം സ്ത്രീകളിൽ പലതരത്തിലുള്ള മാനസിക അവസ്ഥയ്ക്ക് കാരണമാകാറുണ്ട്. പെട്ടെന്നുണ്ടാകുന്ന ദേഷ്യം ഇതിന്റെ ഭാഗമാണ്. ചിലരിൽ തളർച്ച, ക്ഷീണം മറ്റ് ശാരീരിക അസ്വസ്ഥതകൾ എന്നിവയ്ക്കും തെറ്റായ ആർത്തവചക്രം കാരണമാകുന്നുണ്ട്.

നിരവധി കാരണങ്ങൾ കൊണ്ട് സ്ത്രീകളിൽ ക്രമം തെറ്റിയ ആർത്തവം ഉണ്ടാകാറുണ്ട്. ജീവിതശൈലിയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. മറ്റെന്തെങ്കിലും രോഗത്തിന്റെ ലക്ഷണമായും ചില സമയങ്ങളിൽ ഇത് സംഭവിക്കാറുണ്ട്. അതിനാൽ തന്നെ ക്രമം തെറ്റുന്ന ആർത്തവത്തിന്റെ കാരണം കണ്ടെത്തി അത് പരിഹരിക്കേണ്ടത് വളരെ അനിവാര്യമായ ഒന്നാണ്.

എന്തൊക്കെയാകാം ആ കാരണങ്ങൾ?

* ഹോർമോൺ അസന്തുലിതാവസ്ഥ
സ്ത്രീകളിൽ ആർത്തവം നിയന്ത്രിക്കുന്നത് ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നീ ഹോർമോണുകളാണ്. ഇവയുടെ ഉത്പ്പാദനത്തിലെയും പ്രവർത്തനത്തിലെയും വ്യതിയാനങ്ങൾ ആർത്തവ ചക്രത്തിന്റെ വ്യതിയാനത്തിന് കാരണമാകാറുണ്ട്.

* മാനസികസമ്മർദം
മാനസികസമ്മർദം ക്രമരഹിതമായ ആർത്തവത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, തൈറോയ്ഡ് എന്നീ അസുഖങ്ങളും മാനസികസമ്മർദ്ദത്തിന് കാരണമാകുന്നുണ്ട്. അത്തരം സന്ദർഭങ്ങളിൽ ക്രമരഹിതമായ ആർത്തവം ഇത്തരം രോഗങ്ങളുടെ ലക്ഷണമാണ്. അതിനാൽ ഇത്തരം പ്രശ്നങ്ങൾ തുടർച്ചയായി നേരിടുന്നെങ്കിൽ വിശദമായ ആരോഗ്യപരിശോധന അനിവാര്യമാണ്.

* ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഉപയോഗം
വീര്യം കൂടിയ തരത്തിലുള്ള ഗർഭനിരോധന ഗുളികകളുടെ ഉപയോഗം സ്ത്രീകളിൽ ക്രമം തെറ്റുന്ന ആർത്തവത്തിന് കാരണമായി കാണാറുണ്ട്.

* പോഷകക്കുറവ്
പോഷകാഹാരക്കുറവ് സ്ത്രീകളിൽ ആർത്തവം ക്രമം തെറ്റുന്നതിന് മറ്റൊരു കാരണമാണ്. വിവിധ ഭക്ഷണങ്ങളിൽ നിന്നും ലഭിക്കേണ്ട പോഷകങ്ങൾ സ്ത്രീകളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.

* അമിതവ്യായാമം
കഠിനമായ വ്യായാമങ്ങളും കായികാഭ്യാസങ്ങളും സ്ത്രീകളുടെ ആർത്തവചക്രത്തെ ബാധിക്കാറുണ്ട്. കഠിനമായ വ്യായാമം തലച്ചോറിലെ ഹൈപ്പോതലാമസിൽ ചെലുത്തുന്ന സമ്മർദ്ദം മൂലം പിറ്റ്യുട്ടറി ഗ്രന്ഥിയിലും, അണ്ഡാശയത്തിലും സിഗ്നലുകൾ അയക്കുന്നതിനുള്ള കാര്യക്ഷമതയെ ബാധിക്കുന്നതാണ് ഇതിന് കാരണം.

എങ്ങനെ ഈ പ്രശ്നങ്ങൾ പരിഹരിക്കാം?
ക്രമരഹിതമായ ആർത്തവം നിയന്ത്രിക്കുന്നതിന് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെയധികം ഗുണകരമാണ്.

* ഭക്ഷണക്രമം
പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണം സ്ത്രീകളിൽ ആർത്തവചക്രത്തെ ക്രമമായി നിലനിർത്താൻ സഹായിക്കും. അമിതമായ ജങ്ക് ഫുഡിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഭക്ഷണത്തിൽ പച്ചക്കറി, പഴവർ​​ഗങ്ങൾ, ചുവന്ന മാംസം, മത്സ്യം, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഒപ്പം തന്നെ സോയ, പയറുവർഗങ്ങൾ, എള്ള്, ഒലിവ് ഓയിൽ, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയുടെ ഉപയോഗം സ്ത്രീകളിൽ ഈസ്ട്രജൻ മെച്ചപ്പെടുത്തുന്നതിനും ഒപ്പം ആർത്തവം ക്രമമായി നിലനിർത്തുന്നതിനും സഹായിക്കും.

* കൃത്യമായ വ്യായാമം
പതിവായി വ്യായാമം ചെയ്യുന്നത് സ്ത്രീകളിൽ ഹോർമോണുകളെ നിയന്ത്രിക്കാനും അതിലൂടെ ആർത്തവം ക്രമമാക്കാനും സഹായിക്കും. യോഗ, നടത്തം തുടങ്ങിയ ലളിതമായ വ്യായാമ ദിനചര്യകൾ ശരീരത്തിലെ രക്തയോട്ടത്തെ നിയന്ത്രിക്കുകയും ആർത്തവചക്രം ക്രമപ്പെടുത്തുകയും ചെയ്യും.

* ആപ്പിൾ സിഡെർ വിനഗർ ദിവസവും 15 ഗ്രാം വീതം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. ഒപ്പം തന്നെ ഹോർമോൺ നിയന്ത്രണത്തിനും ഇത് സഹായകരമാണ്.

* ഭക്ഷണത്തിൽ കറുവപ്പട്ട ഉൾപ്പെടുത്തൂ
കറുവപ്പട്ട ഭക്ഷണത്തിനു രുചി നൽകുന്നതോടൊപ്പം തന്നെ ആർത്തവം ക്രമമാകുന്നതിനും ആർത്തവ സമയത്തെ വേദനയ്ക്ക് പരിഹാരം കാണുന്നതിനും സഹായകരമാണ്.

* പൈനാപ്പിളും ഗുണം ചെയ്യും
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമലൈൻ എന്ന എൻസൈം ഗർഭപാത്രത്തിലെ എന്റോമെട്രിയം എന്ന പാളി മൃദുവാക്കുന്നതിനും അതുവഴി ക്രമമായ ആർത്തവം ഉണ്ടാകാനും സഹായിക്കും.

* വിറ്റാമിനുകൾ അനിവാര്യം.
ശരീരത്തിൽ വിറ്റാമിനുകളുടെ അഭാവം ആർത്തവം ക്രമരഹിതമാകാൻ കാരണമാകും. അതിനാൽ വിറ്റാമിനുകളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. വിറ്റാമിൻ ഡി യുടെ അഭാവം ആർത്തവചക്രത്തെ പ്രതികൂലമായി ബാധിക്കും. ഇതൊഴിവാക്കാനായി സൂര്യപ്രകാശത്തിൽ വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ഒപ്പം വിറ്റാമിൻ ബി അടങ്ങിയ ഭക്ഷണങ്ങളായ ഇലക്കറികൾ, മാംസം, മുട്ട, പയറുവർഗങ്ങൾ, ബീൻസ് എന്നിവ കഴിക്കുന്നതും ആർത്തവം ക്രമമാകാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE