സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം; കാന്തപുരം

By Desk Reporter, Malabar News
AP Aboobacker Musliyar_Markaz 43rd Annual Conference
43ആമത് മർകസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്ന കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴമേറിയ സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമാക്കി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.

മർകസ് 43ആം വാർഷിക സമ്മേളനത്തിൽ സനദ്‌ദാന പ്രഭാഷണം നടത്തുകയായിരുന്നു ഇദ്ദേഹം. മതനേതാക്കൾ സ്‌നേഹ സന്ദേശങ്ങൾ അണികളിലേക്കു പകരണം. രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയും സാമൂഹിക സൗഹാർദ്ദം തകർക്കാൻ ആരും മുതിരരുത്. കേരളത്തിന്റെ പ്രബുദ്ധമായ സാംസകാരിക ബോധമുള്ളവരിൽ അത്തരം ശ്രമങ്ങൾ സ്വീകരിക്കപ്പെടില്ല എന്നുറപ്പുണ്ട്; കാന്തപുരം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസപരമായും സാമൂഹികവുമായി പൗരൻമാരെ കൂടുതൽ ഉയരങ്ങളിലേക്ക് ഏത്തിക്കുന്നതിനാകണം എല്ലാവരുടെയും പരിശ്രമം. ഒരു ജനാധിപത്യ സമൂഹത്തിൽ മുഖ്യചർച്ചയാകേണ്ടത് പൗരസുരക്ഷയും, മുന്നേറ്റവുമാണ്. ഓരോ പ്രദേശത്തും ജനസംഖ്യയുടെ അനുപാതമനുസരിച്ച് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ഉണ്ടാവണം. എങ്കിൽ മാത്രമേ പൗരൻമാർക്കിടയിൽ തുല്യത എന്ന ഭരണഘടനാ സങ്കൽപം ശരിയായി നിറവേറപ്പെടുകയുള്ളൂ. പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾക്കായി കൂടുതൽ വിദ്യാഭ്യാസ വികസന പാക്കേജുകൾ കൊണ്ടുവരണം; കാന്തപുരം ആവശ്യപ്പെട്ടു.

രാജ്യാന്തര തലത്തിൽ മികച്ച നയതന്ത്ര വിദ്യാഭ്യാസ സാങ്കേതിക പദ്ധതികൾക്ക് നേതൃത്വം നൽകുന്നവരിൽ വലിയൊരു ശതമാനവും ഇന്ത്യക്കാരാണ്. അവരുടെയൊക്കെ വിദ്യാഭ്യാസം നടക്കുന്നത് കൂടുതലും പടിഞ്ഞാറൻ യൂണിവേഴ്‌സിറ്റികളിൽ ആണ്. മാനവിക വിഭവശേഷി സമ്പന്നമാണെങ്കിലും ഇന്ത്യയിലെ വിദ്യാഭ്യാസ അവസ്‌ഥ ഇനിയും വളരെ മുന്നോട്ട് പോകേണ്ടതുണ്ട്. രാജ്യാന്തര നിലവാരം നമ്മുടെ യൂണിവേഴ്‌സിറ്റികളിൽ കൊണ്ടുവരാനും, നൂതനമായ കോഴ്‌സുകൾ വ്യാപകമാക്കാനുമുള്ള പരിശ്രമവും സർക്കാറുകളുടെ ഭാഗത്ത് നിന്നുണ്ടാകണം; കാന്തപുരം പറഞ്ഞു.

43rd Markaz conference
43ആമത് മർകസ് വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നവർ

വിദ്യാഭ്യാസപരമായി സമൂഹത്തെ ശക്‌തിപ്പെടുത്താൻ വേണ്ടി പുതിയ സംരംഭങ്ങൾ തുടങ്ങാൻ മർകസ് തയ്യറാണ്. രാജ്യത്തെ 23 സംസ്‌ഥാനങ്ങളിൽ പ്രൈമറി മുതൽ ഡിഗ്രി-പിജി തലം വരെ വിദ്യാഭ്യാസം നൽകുന്ന അനേകം ക്യാപസുകളാണ് പ്രവർത്തിച്ചുവരുന്നത്. മർകസ് നോളജ് സിറ്റി വഴി രൂപപ്പെടുത്തുന്നത് രാജ്യാന്തര നിലവാരത്തിൽ വിദ്യാഭ്യാസവും അവബോധവും നേടി, സമൂഹത്തിന്റെ ഭാവിയെ ശരിയായി നയിക്കുന്ന തലമുറയെയാണ്; കാന്തപുരം വിശദീകരിച്ചു.

ഇ സുലൈമാൻ മുസ്‌ലിയാർ ഉൽഘാടനം ചെയ്‌ത സമ്മേളനത്തിൽ മതമീമാംസയിൽ ബിരുദം നേടിയ 2029 സഖാഫി പണ്ഡിതർക്കും വിശുദ്ധ ഖുർആൻ മനപാഠമാക്കിയ 313 ഹാഫിളുകൾക്കും സനദ് നൽകി. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ച ചടങ്ങിൽ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി പ്രാർഥന നടത്തി.

സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തിയ സമ്മേളനത്തിൽ ഡോ. എപി അബ്‌ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നിർവഹിച്ചു. പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എപി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെകെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, വിപിഎം ഫൈസി വില്യാപ്പള്ളി എന്നിവരും പ്രസംഗിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ സ്വാഗതവും സിപി ഉബൈദുല്ല സഖാഫി നന്ദിയും പറഞ്ഞു.

പൂർണ്ണ വായനയ്ക്ക്

Most Read: ‘2018ലെ പ്രളയം മനുഷ്യ നിർമിതം’; സർക്കാരിനെ പ്രതിരോധത്തിലാക്കി വിദഗ്‌ധ റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE