തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്‌ഥാനത്തേക്ക് സുരേഷ് ഗോപിയെ പരിഗണിച്ചത് അറിഞ്ഞിരുന്നില്ലെന്ന് ബിജെപി സംസ്‌ഥാന നേതൃത്വം. ഡയറക്‌ടർ പദവി സജീവ രാഷ്‌ട്രീയത്തിന് തടസമാകില്ല. പാർട്ടി സുരേഷ് ഗോപിക്ക് എതിരാണെന്ന പ്രചാരണം ശരിയല്ല. തൃശൂരിലെ പദയാത്ര ഉൽഘാടനം ചെയ്യുന്നത് സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആണെന്നും നേതാക്കൾ പറയുന്നു. അനാവശ്യ വിവാദമാണ് ഉണ്ടാകുന്നത്. തീരുമാനം എടുക്കുന്നത് കേന്ദ്രമാണെന്നും നേതാക്കൾ പറയുന്നു.
അതേസമയം, കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയ ശേഷം മാത്രമേ കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ സ്‌ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നടൻ സുരേഷ് ഗോപി. തന്നോട് ആലോചിക്കാതെ അധ്യക്ഷ സ്‌ഥാനം പ്രഖ്യാപിച്ചതിൽ സുരേഷ് ഗോപിക്ക് അതൃപ്‍തി ഉണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
എന്നാൽ, ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കി കേന്ദ്ര നേതൃത്വം പ്രഖ്യാപനം നടത്തിയതിനാൽ സ്‌ഥാനം ഏറ്റെടുക്കാതിരിക്കാനും കഴിയില്ലെന്നാണ് സൂചന. ബിജെപി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തി തന്റെ ഭാഗം വിശദീകരിക്കാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്‌ട്രീയ രംഗത്ത് കൂടുതൽ സജീവമാകാനുള്ള ഒരുക്കത്തിലായിരുന്നു സുരേഷ് ഗോപി.
കഴിഞ്ഞ തവണ മൽസരിച്ച തൃശൂരിൽ ഒക്‌ടോബർ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ പദയാത്ര ഉൾപ്പടെ തീരുമാനിച്ചു തൃശൂരിൽ സജീവ രാഷ്‌ട്രീയ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അദ്ദേഹത്തിന് പുതിയ സ്‌ഥാനം നൽകിയത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് സുരേഷ് ഗോപി വീണ്ടും മൽസരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്‌തമായിരുന്നു.
എന്നാൽ, നിയമനം മൂന്ന് വർഷത്തേക്കാണ് എന്നതിനാൽ ലോക്‌സഭയിലേക്ക് മൽസരിക്കാൻ സുരേഷ് ഗോപിക്ക് സാധിക്കില്ല. പാർട്ടിക്കുള്ളിലെ പടലപ്പിണക്കമാണ് തിരഞ്ഞെടുപ്പ് അടുത്തിയിരിക്കെ സുരേഷ് ഗോപിക്ക് പുതിയ നിയമനം നൽകിയതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന നിലയിൽ നേരത്തെ പ്രചാരണം ഉണ്ടായെങ്കിലും സ്‌ഥാനം ലഭിച്ചില്ല. രാഷ്‌ട്രീയത്തിൽ സജീവമാകുന്ന ഘട്ടത്തിൽ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കുന്നത് ഒതുക്കലിന്റെ ഭാഗമാണോയെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ സംശയിക്കുന്നത്.
കൊൽക്കത്ത ആസ്‌ഥാനമായുള്ള സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രസിഡണ്ടായും ഭരണസമിതി ചെയർമാനായും കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയെ കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്‌തത്. കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ എക്‌സിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
Most Read| കാരുണ്യ പദ്ധതി; ഒക്‌ടോബർ ഒന്ന് മുതൽ പിൻമാറുമെന്ന് സ്വകാര്യ ആശുപത്രികൾ