ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ (Chandrayaan-3) അതിനിർണായക ഘട്ടം ഇന്ന്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടുന്ന പ്രക്രിയ ഇന്ന് ഉച്ചക്ക് 1.13ന് നടക്കും. ഇതിന് മുന്നോടിയായി പേടകത്തിന്റെ ഭ്രമണപഥം വീണ്ടും താഴ്‌ത്തുന്ന പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ അറിയിച്ചു. നിലവിൽ ചന്ദ്രനിൽ നിന്ന് 153 മുതൽ 163 വരെ ദൂരമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ 3 ഉള്ളത്.
ചന്ദ്രോപരിതലത്തിന് 100 കിലോമീറ്റർ മുകളിലെത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടുക. തുടർന്ന് ലാൻഡർ ഇറങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങും. ദൗത്യയിലെ നിർണായക ഘട്ടങ്ങളിൽ ഒന്നാണിത്. ത്രസ്‌റ്റർ എൻജിൻ ഉപയോഗിച്ച് വേഗം കുറച്ചു താഴേക്കെത്തും. ചന്ദ്രോപരിതലത്തിന് 800 മീറ്റർ ഉയരത്തിൽ എത്തുമ്പോൾ രണ്ടു ത്രസ്‌റ്റർ എഞ്ചിനുകളുടെ സഹായത്തോടെ അന്തരീക്ഷത്തിൽ അൽപ്പനേരം നിശ്‌ചലമായി നിൽക്കും. പിന്നീട് സെക്കണ്ടിൽ 1-2 മീറ്റർ വേഗത്തിലാവും താഴെയിറങ്ങുന്നത്.
ഓഗസ്‌റ്റ് 23ന് വൈകിട്ട് 5.47നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്. വിക്രം എന്ന ലാൻഡറിന്റെ ലാൻഡിങ് ഏരിയാ നിർണയം ഉൾപ്പടെ വരും ദിവസങ്ങളിൽ നടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിലുള്ള പ്രദേശത്താണ് ലാൻഡിങ്. 17 ദിവസം ഭൂമിയെ വലംവെച്ച ശേഷം ഓഗസ്‌റ്റ് ഒന്നിനാണ് ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ടു ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്.
അതേസമയം, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഏത് ദൗത്യം ആദ്യം ഇറങ്ങുമെന്ന ആകാംക്ഷയിലാണ് ലോകം. റഷ്യയുടെ ലൂണ- 25 (Luna-25) ചന്ദ്രനിലേക്കുള്ള യാത്രയിലാണ്. ഓഗസ്‌റ്റ് 21നും 23നുമിടയിൽ ലൂണ ഇറങ്ങിയേക്കുമെന്നാണ് റിപ്പോർട്. ലൂണക്ക് 1750 കിലോ മാത്രം ഭാരമുള്ളതിനാൽ ലക്ഷ്യത്തിലെത്താൻ കുറച്ചു സമയം മതിയെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, ചന്ദ്രയാൻ മൂന്നിന് 3800 കിലോഗ്രാമിന് ഭാരം.
Most Read| ‘അവിഹിതം, വേശ്യ തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണം’; ശൈലീ പുസ്‌തകവുമായി സുപ്രീം കോടതി