ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി സത്യപ്രതിജ്‌ഞ ചെയ്‌തതോടെ അദ്ദേഹത്തിന് എതിരായ മീടു ആരോപണം ചർച്ചയാക്കി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ. ചന്നി മുഖ്യമന്ത്രി സ്‌ഥാനത്ത് ഇരിക്കുന്നത് സ്‌ത്രീകൾക്ക് ഭീഷണിയാണെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു.
മൂന്ന് വർഷം മുമ്പ് ഉയർന്ന മീ ടു ആരോപണമാണ് മുഖ്യമന്ത്രി സ്‌ഥാനം ഏറ്റെടുത്തതിന് പിന്നാലെ ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് വിനയാകുന്നത്. 2018ൽ വനിതാ ഐഎഎസ് ഉദ്യോഗസ്‌ഥക്ക് അശ്‌ളീല സന്ദേശം അയച്ചെന്നായിരുന്നു ആരോപണം. എന്നാൽ, ഉദ്യോഗസ്‌ഥ പരാതി നൽകിയിരുന്നില്ല. സംഭവം വലിയ ചർച്ചയായതോടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും ചന്നി മാപ്പ് പറഞ്ഞതായി അറിയിക്കുകയും ആയിരുന്നു.
എന്നാൽ പഞ്ചാബ് വനിതാ കമ്മീഷൻ അധ്യക്ഷ മനീഷ ഗുലാത്തി ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുകയും സർക്കാരിനോട് റിപ്പോർട് തേടുകയും ചെയ്‌തു. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനും സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.
ഒരു വനിത അധ്യക്ഷയായ പാർടിയുടെ മുഖ്യമന്ത്രി ഇത്തരക്കാരനാകുന്നത് അപമാനകരമാണ് എന്ന് രേഖ ശർമ പറഞ്ഞു. ഇത് സ്‌ത്രീ ശാക്‌തീകരണത്തെ പിന്നിൽ നിന്ന് കുത്തുന്നതിന് തുല്യമാണ്. നേരത്തെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഈ വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ ആരോപണങ്ങളോട് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Most Read: ഇന്ത്യയുടെ വാക്‌സിൻ സ്വീകരിച്ചവർക്ക് ബ്രിട്ടണിൽ ക്വാറന്റെയ്ൻ; പ്രതിഷേധവുമായി ശശി തരൂർ