ലഖ്‌നൗ: സീതാപൂർ പോലീസ് അറസ്‌റ്റ് ചെയ്‌ത കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ കാണാൻ എത്തിയ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ തടഞ്ഞ് യുപി പോലീസ്. ലഖ്‌നൗ വിമാനത്താവളത്തിൽ വച്ചാണ് യുപി പോലീസ് ബാഗെലിനെ തടഞ്ഞത്. ഇതിൽ പ്രതിഷേധിച്ച് ബാഗെൽ ലഖ്‌നൗ വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
അതേസമയം, ഇന്നലെ പുലർച്ചെ 4.30ന് കസ്‌റ്റഡിയിൽ എടുത്ത പ്രിയങ്കാ ഗാന്ധിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഐപിസി 151, 107, 116 വകുപ്പുകൾ പ്രകാരമാണ് പ്രിയങ്കയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ക്രമസമാധാനം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ദിപേന്ദർ സിംഗ് ഹൂഡ, ഉത്തർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലു ഉൾപ്പടെ മറ്റു 10 കോൺഗ്രസ് നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രിയങ്കയെ പാർപ്പിച്ചിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള സീതാപൂരിലെ പോലീസ് ഗസ്‌റ്റ് ഹൗസ് താൽക്കാലിക ജയിലാക്കി മാറ്റി. കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറി കർഷകർ അടക്കം ഒൻപത് പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കവെയാണ് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്‌റ്റ് ചെയ്‌തത്. ഞായറാഴ്‌ച രാത്രി വൈകി ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്കയെ കസ്‌റ്റഡിയിൽ എടുത്തത്.
Most Read: ‘ഞാൻ ഒരു തീവ്രവാദിയല്ല’; വിചാരണയ്‌ക്കിടെ ഷർജീൽ ഇമാം