ബെയ്‌ജിങ്: ലോകത്തെ ആശങ്കയിലാക്കി ചൈനയിൽ വീണ്ടും പുതിയൊരു വൈറസ് പടരുന്നതായി റിപ്പോർട്ടുകൾ. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി) ആണ് വ്യാപിക്കുന്നത്. കോവിഡ് വ്യാപനത്തിന് അഞ്ചുവർഷം പിന്നിടുമ്പോൾ ചൈനയിലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ പോസ്‌റ്റുകളിൽ പറയുന്നത്.
രോഗം മൂലം നിരവധി മരണങ്ങൾ സംഭവിച്ചതായും ചൈന ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചുവെന്നും സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം നൽകിയിട്ടില്ല. ഇൻഫ്ളുവൻസ എ, ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉൾപ്പടെ ഒന്നിലേറെ വൈറസുകൾ ചൈനയിൽ പടരുന്നതായും ചൈനയിൽ നിന്നുള്ള ചില എക്‌സ് ഹാൻഡിലുകൾ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
തിങ്ങി നിറഞ്ഞ ആശുപത്രികളിൽ മാസ്‌ക് ധരിച്ച് ചികിൽസയ്‌ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതേസമയം, ഉറവിടമറിയാത്ത ന്യൂമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗനിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു.
കുട്ടികളിലും പ്രായമായവരിലുമാണ് എച്ച്എംപിവി കേസുകൾ പടരുന്നതെന്നാണ് വിവരം. ചൈനയുടെ വടക്കൻ പ്രവിശ്യയിലാണ് കൂടുതൽ കേസുകളും റിപ്പോർട് ചെയ്യുന്നത്. കോവിഡിന് സമാനമായ രീതിയിൽ പടരുന്ന വൈറസാണ് എച്ച്എംപിവി. ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണിത്. പ്രായമായവരും കുട്ടികളും പ്രതോരോധശക്‌തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്.
ന്യൂമോവിരിഡേ ഗണത്തിൽപ്പെട്ട എച്ച്എംപിവി ആദ്യമായി സ്‌ഥിരീകരിച്ചത് 2001ലാണ്. പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് വിദഗ്‌ധർ പറയുന്നു. ചിലർക്ക് ജലദോഷത്തിന് സമാനമായ നേരിയ ലക്ഷണങ്ങൾ മാത്രമേയുണ്ടാവൂ. ചിലരിൽ കോവിഡിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാവും. നിലവിൽ എച്ച്എംപിവി വൈറസിന് പ്രത്യേക ചികിൽസയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദഗ്‌ധർ പറയുന്നു.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല