ന്യൂഡെൽഹി: വിവിധ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ രൂക്ഷ പ്രതികരണം നടത്തി നേതാവ് രാകേഷ് ടിക്കായത്ത്. രണ്ടാം കിം ജോങ് ഉന്നിനെ അധികാരത്തിലേറ്റണോ എന്ന് തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ് എന്നായിരുന്നു ടിക്കായത്തിന്റെ പ്രസ്‌താവന.
“ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണാധികാരി വേണോ അതോ ഉത്തരകൊറിയയിലെ പോലെ ഒരു രണ്ടാം കിം ജോങ് ഉന്നിനെയാണോ തിരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ബുദ്ധിപരമായി വോട്ടവകാശം വിനിയോഗിക്കും എന്നാണ് ഞാന്‍ കരുതുന്നത്. നമുക്ക് സ്വേച്‌ഛാധിപതികളായ ഭരണാധികാരികളെയല്ല ആവശ്യം.”- രാകേഷ് ടിക്കായത്ത് പറഞ്ഞു.
നേരത്തെയും ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ടിക്കായത്ത് രംഗത്ത് വന്നിരുന്നു. മുസഫർ നഗറിൽ ബിജെപി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്നാണ് ടിക്കായത്ത് പറഞ്ഞത്. കർഷക വിരുദ്ധ കാഴ്‌ചപ്പാട് വച്ച് പുലർത്തുന്നവരെ വോട്ടർമാർ ഒരിക്കലും പിന്തുണക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Most Read: കുഷ്‌ഠരോഗം നിർമാർജനം ചെയ്യുക ലക്ഷ്യം; കൂടുതൽ പദ്ധതികൾ നടപ്പാക്കും