കുഷ്‌ഠരോഗം നിർമാർജനം ചെയ്യുക ലക്ഷ്യം; കൂടുതൽ പദ്ധതികൾ നടപ്പാക്കും

By News Desk, Malabar News
Aim to eradicate leprosy; More projects will be implemented
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് 2025ഓടുകൂടി കുഷ്‌ഠരോഗ നിര്‍മാര്‍ജനം ലക്ഷ്യമിടുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഷ്‌ഠരോഗ ലക്ഷണങ്ങളെ അവഗണിക്കാതെ സ്വയം പരിശോധനക്കും രോഗനിര്‍ണയത്തിനും ചികിൽസക്കും വിധേയനായാല്‍ ഈ രംഗത്ത് സുസ്‌ഥിര വികസന ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുന്നതാണ്.

കുഷ്‌ഠരോഗത്തെ നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒട്ടനവധി പദ്ധതികള്‍ ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. രോഗത്തെ ഏത് അവസ്‌ഥയിലും ചികിൽസിച്ചു ഭേദമാക്കാം. 6 മുതല്‍ 12 മാസക്കാലത്തെ ചികിൽസ കൊണ്ട് കുഷ്‌ഠരോഗം പൂര്‍ണമായും ഭേദമാക്കാന്‍ സാധിക്കുന്നതാണ്. അതിനാല്‍ രോഗ ലക്ഷണമുള്ളവര്‍ എത്രയും വേഗം ചികിൽസ തേടേണ്ടതാണെന്നും മന്ത്രി വ്യക്‌തമാക്കി.

2021-22 വര്‍ഷം മാത്രം 302 കുഷ്‌ഠ രോഗികളെയാണ് കണ്ടെത്തി ചികിൽസ നല്‍കിയത്. 2020-21 വര്‍ഷത്തില്‍ 311 രോഗികളെയാണ് കണ്ടെത്തിയത്. നിലവില്‍ 460 രോഗികൾ ചികിൽസയിലുണ്ട്. രണ്ടു ഘട്ടങ്ങളിലായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാംപെയിൻ, സ്‌പര്‍ശ് ലെപ്രസി അവയര്‍നസ് ക്യാംപെയിൻ, ഈ വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ കുഷ്‌ഠരോഗ നിര്‍മാര്‍ജന സര്‍വേ എന്നിവ പ്രകാരമാണ് ഈ രോഗികളെ കണ്ടെത്തി ചികിൽസ നല്‍കിയത്.

കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തില്‍ വിവരസാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തി രോഗലക്ഷണമുളളവര്‍ സ്വയം പരിശോധനക്ക് വിധേയമായി ഇ സഞ്‌ജീവനി പോര്‍ട്ടല്‍ വഴിയോ, അടുത്തുളള ആരോഗ്യകേന്ദ്രങ്ങള്‍ വഴിയോ രോഗനിര്‍ണയം നടത്താന്‍ ഉതകുന്ന ഇറാഡിക്കേഷന്‍ ഓഫ് ലെപ്രസി ത്രൂ സെല്‍ഫ് റിപ്പോർട്ടിങ് ആൻഡ് അവയര്‍നസും കുഷ്‌ഠരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയുണ്ടായി.

കുഷ്‌ഠ രോഗത്തെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണയാണ് കുഷ്‌ഠ രോഗ നിര്‍മാര്‍ജന രംഗത്തെ പ്രധാന വെല്ലുവിളി. കൈകാലുകളില്‍ വിരലുകള്‍ നഷ്‌ടപ്പെട്ട വ്രണങ്ങളോടു കൂടിയ വിരൂപമാണ് കുഷ്‌ഠം എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. സ്‌പര്‍ശന ശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, കയ്യിലും കാലിലും ഉണ്ടാകുന്ന മരവിപ്പും വേദനയും ബലക്ഷയവും, വേദന ഉളളതും വീര്‍ത്ത് തടിച്ചതുമായ നാഡികള്‍ എന്നിവ കുഷ്‌ഠ രോഗ ലക്ഷണങ്ങള്‍ ആകാം.

മൈക്കോബാക്‌ടീരിയം ലെപ്രെ എന്ന രോഗാണു മൂലമാണ് കുഷ്‌ഠ രോഗം ഉണ്ടാകുന്നത്. പ്രധാനമായും വായുവിലൂടെയാണ് രോഗം പകരുന്നത്. സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം. രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ ലക്ഷക്കണക്കിന് രോഗാണുക്കള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നു. ഈ രോഗാണുക്കള്‍ ശ്വസിക്കുന്ന ആളുകള്‍ക്ക് രോഗം വരാം. എന്നാല്‍ 85 മുതല്‍ 90 ശതമാനം വരെ ആളുകള്‍ക്ക് കുഷ്‌ഠ രോഗത്തിനെതിരെ സ്വാഭാവിക പ്രതിരോധശേഷി ഉളളതിനാല്‍ രോഗം വരാന്‍ സാധ്യത കുറവാണ്.

Most Read: വൃത്തിയാക്കാൻ എത്തിയ യുവാവുമായി കളിക്കുന്ന ആനക്കുട്ടി; വീഡിയോ വൈറൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE